
തിരുവനന്തപുരം: ഇരുപത്തിയാറ് വർഷം മുമ്പ് നടന്ന ഐ.എസ്.ആർ.ഒ ചാരക്കേസിൽ സുപ്രീംകോടതി നിയോഗിച്ച ജുഡിഷ്യൽ കമ്മിഷൻ സത്യം കണ്ടെത്തിയാൽ, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന മുൻ ഡി.ജി.പി സിബി മാത്യൂസ്, കെ.കെ.ജോഷ്വ, എസ്.വിജയൻ എന്നിവർക്കും കേരള പൊലീസിനും അത് അഗ്നിപരീക്ഷയാവും. കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയാൽ കമ്മിഷന്റെ ശുപാർശയിൽ ഉദ്യോഗസ്ഥർക്കെതിരെ സുപ്രീംകോടതി നടപടിയെടുക്കും.
തിരുവനന്തപുരത്ത് 14,15 തീയതികളിൽ നടക്കുന്ന് തെളിവെടുപ്പിൽ ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കമ്മിഷൻ നോട്ടീസ് നൽകി. ഐ.ബി, സി.ബി.ഐ ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുക്കും. ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ചതിനു പിന്നാലെ, സജീവ രാഷ്ട്രീയത്തിലുള്ള അഞ്ച് നേതാക്കളാണ് കേസിന് പിന്നിലെന്ന് പത്മജാ വേണുഗോപാൽ വെളിപ്പെടുത്തിയിരുന്നു.
മാലിക്കാരികൾ വഴി ക്രയോജനിക് സാങ്കേതികവിദ്യ പാകിസ്ഥാനും, വികാസ് എൻജിന്റെ സാങ്കേതികവിദ്യ റഷ്യയ്ക്കും കൈമാറിയെന്നാണ് കേസ്. 1994ൽ ഇന്ത്യയ്ക്ക് ക്രയോജനിക് സാങ്കേതികവിദ്യയില്ല. 1977ൽ ഫ്രാൻസിൽ നിന്ന് ഇന്ത്യ വികാസ് എൻജിൻ സാങ്കേതികവിദ്യ നേടും മുൻപേ റഷ്യയ്ക്ക് ഇത് സ്വന്തമായുണ്ട്. ഈ അടിസ്ഥാനവിവരങ്ങൾ പൊലീസിന് തിരിച്ചടിയാണ്. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ ഫയലിൽ രൂപംകൊണ്ട ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ സി.ബി.ഐയെപ്പോലും ഒഴിവാക്കിയാണ്, സ്വതന്ത്ര അന്വേഷണത്തിനായി നിയമ കമ്മിഷൻ അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ് ഡി.കെ.ജയിനെ സുപ്രീംകോടതി നിയോഗിച്ചത്. അന്ന് ഇന്ത്യയ്ക്കില്ലാതിരുന്ന ക്രയോജനിക്സ് റോക്കറ്റ് എൻജിൻ സാങ്കേതികവിദ്യ 400 കോടിക്ക് ചോർത്തിക്കൊടുത്തെന്ന് കേട്ട പാടേ അറസ്റ്റും കേസുമായി ഇറങ്ങിയ കേരള പൊലീസിലെ ഉന്നതർ, സുപ്രീംകോടതി സമിതിയോട് വിശദീകരിക്കേണ്ടി വരും. കേസ് തെളിയിക്കാൻ നടത്തിയ പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും വീണ്ടും അന്വേഷിക്കപ്പെടും.
നമ്പിനാരായണനെ തനിക്ക് അറിയില്ലായിരുന്നെന്നും, ഐ.ബിയും പൊലീസും ചേർന്നാണ് അദ്ദേഹത്തിന്റെ പേര് പറയിച്ചതെന്നുമാണ് മാലെദ്വീപുകാരി ഫൗസിയ ഹസന്റെ പരാതി. കുറ്റസമ്മതം വീഡിയോയിൽ പകർത്തുമ്പോൾ നമ്പിനാരായണന്റെ പേര് പേപ്പറിൽ എഴുതിക്കാണിച്ച് വായിപ്പിച്ചതായാണ് മറിയം റഷീദയുടെ വെളിപ്പെടുത്തൽ. പതിന്നാലു വയസുള്ള മകളെ കൺമുന്നിൽ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന ഫൗസിയയുടെ വെളിപ്പെടുത്തലും ഗുരുതരമാണ്. ജയിൽ മോചിതയായ ശേഷം കേരള പൊലീസിനും ഇന്റലിജൻസ് ബ്യൂറോയ്ക്കുമെതിരെ ഫൗസിയ കേസുകൊടുത്തിരുന്നു. ബിസിനസുകാരനായ മകൻ തിരുവനന്തപുരത്തെത്തിയപ്പോൾ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതിനാൽ കേസ് പിൻവലിക്കുന്നതായി മാലെദ്വീപിലെ ഇന്ത്യൻ എംബസിയിൽ എഴുതി നൽകിയെന്നാണ് ഫൗസിയയുടെ വെളിപ്പെടുത്തൽ.
ചാരക്കേസ് കെട്ടുകഥയാണെന്നും അന്വേഷണം അവസാനിപ്പിക്കണമെന്നും ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ ഐ.ജി ജി.ബാബുരാജ് കേസ് ഡയറിയിൽ എഴുതിയത് പൊലീസിന് വിനയാവും. മുൻവിധിയോടെയാണ് സിബിമാത്യൂസ് കേസന്വേഷിച്ചതെന്നാണ് ആരോപണം. മാലെദ്വീപുകാർ വഴി ബഹിരാകാശ രഹസ്യങ്ങൾ ചോർന്നതായി തനിക്ക് തോന്നലുണ്ടായെന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ഡിവൈ.എസ്.പിയുടെ മൊഴി. കെട്ടുകഥ സത്യമാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് സി.ബി.ഐ ഡി.ഐ.ജി പി.എം.നായർ വെളിപ്പെടുത്തിയിട്ടുണ്ട്. വിസകാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോവാതിരുന്ന മാലെദ്വീപുകാരികളെ പൊലീസ് ചാരക്കേസിൽ പെടുത്തുകയായിരുന്നെന്നാണ് സിബിഐ കണ്ടെത്തൽ. ക്രയോജെനിക് സാങ്കേതികവിദ്യയുടെ ഘടകമോ എൻജിനോ അന്ന് രൂപകല്പന ചെയ്തിരുന്നില്ലെന്നും ഐ.എസ്.ആർ.ഒയെ തകർക്കുകയെന്നതടക്കമുള്ള ഗൂഢലക്ഷ്യങ്ങളോടെ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നും ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.ജി.മാധവൻനായരും വെളിപ്പെടുത്തിയിട്ടുണ്ട്.
-ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ട്. എല്ലാവരെക്കുറിച്ചും അന്വേഷിക്കണം
- നമ്പിനാരായണൻ