covid-

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചു. കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം രോഗികളുടെ എണ്ണം കൂടാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടിയെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഡിസംബർ 10 വരെയുള്ള കണക്ക് പ്രകാരം 3381 കൊവിഡ് രോഗികളാണ് ജില്ലയിലുള്ളത്. നവംബറിൽ ഇത് 7323 ആയിരുന്നു. ഒരു മാസം കൊണ്ട് ചികിത്സയിലുള്ള രോഗികളുടെ എണ്ണം പകുതിയായി കുറഞ്ഞു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങൾ കൂടുതലായി അടുത്ത് ഇടപഴകിയതോടെ ഇനിയുള്ള രണ്ടാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായേക്കാമെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം.

ഇതാണ് ജില്ലയിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ (സി.എഫ്.എൽ.ടി.സി) പ്രവർത്തനമടക്കം കൂടുതൽ ശക്തിപ്പെടുത്താൻ ജില്ല ഭരണകൂടം തീരുമാനിച്ചത്. രോഗികളുടെ എണ്ണം കുറഞ്ഞതോടെ ജില്ലയിലെ സി.എഫ്.എൽ.ടി.സികളിൽ 70 ശതമാനത്തോളം കിടക്കകൾ നിലവിൽ ഒഴിവുണ്ട്. അതിനാൽ ഇനിയുള്ള ദിവസങ്ങളിൽ രോഗം സ്ഥിരീകരിക്കുന്നവർക്ക് സർക്കാർ സംവിധാനത്തിൽത്തന്നെ മെച്ചപ്പെട്ട ചികിത്സ നൽകും.

ജനറൽ ആശുപത്രിയിൽ 187 കിടക്കകൾ

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 187 കിടക്കകൾ നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജനറൽ ആശുപത്രി ഡിസംബർ 31 വരെ ഡെസിഗ്‌നേറ്റഡ് കൊവിഡ് ആശുപത്രിയായി തന്നെ തുടരും. വിദ്യാലയങ്ങളിൽ ആരംഭിച്ച കൊവിഡ് ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സെന്ററുകളും മാറ്റി സ്ഥാപിക്കാനും കളക്ടർ നിർദേശം നൽകി.

മാറ്റുന്ന സി.എഫ്.എൽ.ടി.സികൾ

വെള്ളായണി കാർഷിക കോളേജിലെ കേന്ദ്രം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്കു മാറ്റും. മുക്കോല റോസ മിസ്റ്റിക്കയിലേത് പുല്ലുവിള സെന്റ് നിക്കോളാസ് കൺവെൻഷൻ സെന്ററിലേക്കും പാറശാല ശ്രീകൃഷ്ണ കോളേജ് ഒഫ് ഫാർമസിയിലേത് വെങ്ങാനൂർ നീലകേശി ഓഡിറ്റോറിയത്തിലേക്കും മാറ്റും. സരസ്വതി നഴ്‌സിംഗ് കോളേജിലെ കേന്ദ്രം നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലേക്കും കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിന്റെ മെൻസ് ഹോസ്റ്റലിലും കുളത്തൂർ ഗവ. ആർട്‌സ് കോളേജിലുമുള്ള കേന്ദ്രങ്ങൾ വെള്ളറട ഫോറസ്റ്റ് കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റും. ഞാറനീലി അംബേദ്കർ സ്‌കൂളിലെ കേന്ദ്രത്തിലുള്ള പുരുഷന്മാരുടെ കിടക്കകൾ നന്ദിയോട് ഗ്രീൻ ഓഡിറ്റോറിയത്തിലേക്കും സ്ത്രീകൾക്കായി നീക്കിവച്ചിരിക്കുന്നവ ഗവ. ആയുർവേദ കോളേജിലേക്കും മാറ്റുമെന്നും കളക്ടർ അറിയിച്ചു.

"ജില്ലയിൽ പുതുതായി 11 സി.എഫ്.എൽ.ടി.സികൾ തുറക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. 1380 ബെഡുകൾ സജ്ജമാക്കാത്തക്കവിധമാണ് ഇവ തയ്യാറാക്കുന്നത്. കൊവിഡ് വ്യാപനം സംബന്ധിച്ചു ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം വിളിക്കും. "

ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ