pandaravila

മുടപുരം: അഴൂർ ഗ്രാമപഞ്ചായത്തിലെ ചേമ്പുംമൂല പണ്ടാരവിള റോഡ് പുതുക്കി പണിയണമെന്ന നാട്ടുകാരുടെ ആവശ്യവുമായി നാട്ടുകാർ. കോളിച്ചിറ-മുട്ടപ്പലം റോഡിൽ ചേമ്പുംമൂല ഹോളോബ്രിക്സ് കമ്പനിക്ക് മുന്നിൽ നിന്നും ആരംഭിക്കുന്ന റോഡ് പണ്ടാരവിള ലക്ഷംവീട് വഴി അഴൂർ മാർക്കറ്റ് ജംഗ്‌ഷനിൽ ചെന്ന് ചേരും. എന്നാൽ ഈ റോഡിൽ ചേമ്പുംമൂലയിൽ നിന്നും ആരംഭിക്കുന്ന ഭാഗമാണ് പൊട്ടിത്തകർന്ന് വാഹനയാത്രയ്ക്കും കാൽനട യാത്രയ്ക്കും കഴിയാത്ത വിധം തകർന്നു കിടക്കുന്നത്. പലഭാഗങ്ങളിലും വൻ കുഴികൾ രൂപപ്പെട്ടതിനാൽ മഴ പെയ്യുമ്പോൾ ഇത് കുളമായി മാറും. റോഡ് നിറഞ്ഞ് നിൽക്കുന്ന ഈ കുളത്തിലൂടെയുള്ള ഇരുചക്ര വാഹനങ്ങളിലൂടെയുള്ള യാത്ര അപകടം വരുത്തി വക്കുന്നു. മുന്നൂറിൽപരം കുടുംബങ്ങൾ ഈ റോഡിനെയാണ് യാത്രക്കായി ആശ്രയിക്കുന്നത്. ഓട്ടോറിക്ഷ പോലും ഇതുവഴി ഓട്ടം വരുവാൻ തയാറാകുന്നില്ല. 15 വർഷം മുൻപ്പ് രണ്ട് തവണയായി പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്യുകയുണ്ടായി. കോൺക്രീറ്റ് ചെയ്ത ഭാഗം ഇളകിയാണ് കുഴികൾ രൂപപ്പെട്ടത്. അതിനാൽ നാട്ടുകാർക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് ഈ റോഡ് അടിയന്തിരമായി റീടാർ ചെയ്യുകയോ കോൺക്രീറ്റ് ചെയ്യുകയോ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.