kovalam

കോവളം: കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കോവളത്തെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് ഇത്തവണ തിരിച്ചടി. സഞ്ചാരികൾ ധാരാളം എത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ആഭ്യന്തര സഞ്ചാരികളുൾപ്പെടെയുള്ള പലരും യാത്രകൾ റദ്ദ് ചെയ്യുകയാണ്. ഇതോടെ

പല ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചിടാനാണ് ഉടമകളുടെ തീരുമാനം. സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായതോടെ നഗരത്തിൽ നിന്നും കോവളം ബീച്ചിലേക്ക് ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി സർവീസുകളും അധികൃതർ വെട്ടിക്കുറച്ചു. പുതുവർഷത്തിൽ പുതിയ കോവളമെന്ന് പ്രഖ്യാപനം നടത്തിയ ടൂറിസം വകുപ്പാകട്ടെ കോവളത്തിനായി അനുവദിച്ച 20 കോടിയിൽ പകുതി പോലും ചെലവഴിച്ചിട്ടുമില്ല. ഇതോടെ തീരത്തിന്റെ വികസനവും തുലാസിലായി. 10 കോടി ചെലവിട്ട് നടത്താൻ ഉദ്ദേശിച്ച സമുദ്രാബീച്ച് വികസനവും പാതിവഴിയിലാണ്.

ഇത്തവണ കോവളത്ത് ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ നടത്തുന്ന കാര്യത്തിലും ഇനിയും തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച് യാതൊരു മാർഗനിർദ്ദേശങ്ങളും പുറത്തിറക്കാൻ ജില്ലാ ഭരണകൂടവും തയ്യാറായിട്ടില്ല.

നിയന്ത്രണങ്ങൾ കടുക്കും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് ന്യൂ ഈയർ ആഘോഷങ്ങൾ നിയന്ത്രണങ്ങളോടെ നടത്താനാണ് സാദ്ധ്യത. ആഘോഷങ്ങൾക്ക് നിറംപകർന്നിരുന്ന കരോൾ സംഘങ്ങളും ഇത്തവണ ഉണ്ടാകാൻ സാദ്ധ്യതയില്ല. നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ വീട്ടിൽ തന്നെ ആഘോഷപരിപാടികൾ നടത്താനാണ് എല്ലാവരും ആലോചിക്കുന്നത്. ഇതും കോവളത്തെ വ്യാപാരികളെയടക്കം സാരമായി ബാധിക്കും.

സർവത്ര നഷ്ടം

വിദേശ സഞ്ചാരികളടക്കം തീരത്തെ കരകൗശല വിപണന കേന്ദ്രങ്ങളെ മുൻപ് ആശ്രയിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ കച്ചവടമാണ് ഓരോ മാസവും ഈ കടകളിൽ നടന്നിരുന്നത്. ഇവിടെയും ഇപ്പോൾ നഷ്ടക്കണക്കുകൾ മാത്രമാണുള്ളത്. കടംവാങ്ങി സ്ഥാപനങ്ങൾ ആരംഭിച്ച വ്യാപാരികൾ ഇതോടെ ആത്മഹത്യയുടെ വക്കിലാണ്.