
തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടറായിരുന്ന ഡോ.ആശാകിഷോർ വിരമിക്കാൻ അപേക്ഷ നൽകി.
2015 മുതൽ 2020 ജൂലായ് വരെ ഡയറക്ടറായിരുന്ന ആശാകിഷോറിന്റെ കാലാവധി അഞ്ചു വർഷത്തേക്ക് കൂടി നീട്ടാൻ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് 2025 ഫെബ്രുവരിയിലാണ് വിരമിക്കേണ്ടത്. ഇതിനെതിരെ സ്ഥാപനത്തിലെ ചില അദ്ധ്യാപകർ നൽകിയ പരാതിയിൽ , ആശാകിഷോറിന്റെ കാലാവധി നീട്ടുന്നത് കേന്ദ്രസർക്കാർ റദ്ദാക്കി. ഇത് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ (സിഎടി) ശരി വച്ചു.ഇതിനെതിരെ ആശാകിഷോർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധി ലഭിച്ചില്ല..ഇൗ സാഹചര്യത്തിലാണ് സ്വയം വിരമിക്കലിന് അപേക്ഷ നൽകിയത്.
ദേശീയ പ്രധാന്യമുള്ള സ്വയംഭരണ സ്ഥാപനമെന്ന പ്രത്യേക പദവിയുള്ള ശ്രീചിത്രയുടെ ഭരണസമിതിക്ക് ചട്ടമനുസരിച്ച് ഡയറക്ടറെ നിശ്ചയിക്കാം. ഇതനുസരിച്ചാണ് മേയ് 12ന് ചേർന്ന ഭരണസമിതിയോഗം ഡോ.ആശയുടെ കാലാവധി നീട്ടിയത്. ഇതിന് ഭരണസമിതി പ്രസിഡന്റും നീതിആയോഗ് അംഗവുമായ വി.കെ.സാരസ്വത് അംഗീകാരവും നൽകിയിരുന്നു. എന്നാൽ, ഡയറക്ടർ നിയമനത്തിന് സ്വയംഭരണ സ്ഥാപനങ്ങളുടെ മാതൃകയിൽ കേന്ദ്രമന്ത്രിസഭയുടെ നിയമനകാര്യസമിതിയുടെ അനുമതി വേണമെന്ന വാദമുയർത്തിയാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ ചിലർ രംഗത്തിറങ്ങിയത്. ഇതിന് കേന്ദ്രസർക്കാരിന്റെ പിന്തുണയും കിട്ടി.ഇതോടെയാണ് ഡോ.ആശയുടെ കാലാവധി നീട്ടിയ നടപടി റദ്ദാക്കപ്പെട്ടത്. ഡോ.ജയകുമാറിനാണ് താൽക്കാലിക ചുമതല. പുതിയ ഡയറക്ടറെ കണ്ടെത്താനുള്ള നടപടികൾ താമസിയാതെ ആരംഭിക്കും.