
തിരുവനന്തപുരം: ശസ്ത്രക്രിയ നടത്താൻ ആയുർവേദ പി.ജി ഡോക്ടർമാർക്ക് അനുമതി നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെ, സംസ്ഥാനത്ത് അലോപ്പതി ,ആയുർവേദ ഡോക്ടർമാർ തമ്മിലെ ശീതയുദ്ധം വീണ്ടും മറനീക്കി .
അലോപ്പതി ഡോക്ടർമാർ ഒ.പി ബഹിഷ്കരണവും പ്രതിഷേധവുമായി ഇന്നലെ രംഗത്തിറങ്ങിപ്പോൾ, അധിക ജോലി ചെയ്താണ് ആയുർവേദ ഡോക്ടർമാർ ഇതിനെ നേരിട്ടത്.
ഐ.എം.എയുടെ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) ആഹ്വാന പ്രകാരം രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയായിരുന്നു ഒ.പി ബഹിഷ്‌കരിച്ചുള്ള സൂചനാ സമരം . അതേസമയം എ.എം.എ.ഐയുടെ (ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ) നേതൃത്വത്തിൽ ആയുർവേദ ആശുപത്രികളിൽ ഒ.പി സമയം ദീർഘിപ്പിച്ചും ആയുർവേദ കോളേജുകളിൽ 24മണിക്കൂർ സേനവം ലഭ്യമാക്കിയുമാണ് പ്രതിരോധിച്ചത്. ഒ.പി ബഹിഷ്കരണം നടത്തിയ ഡോക്ടർമാർ ഐ.എം.എയുടെയും മറ്റും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം പ്രകടനവും ധർണയും നടത്തി. ഡെന്റൽ, ഒഫ്താൽമോളജി ഡോക്ടർമാരും സമരത്തിൽ പങ്കാളികളായി. സംസ്ഥാനതല പ്രതിഷേധ പരിപാടി രാജ്ഭവന് മുന്നിലായിരുന്നു.
ആയുർവേദത്തിൽ ജനറൽ സർജറി, ഒഫ്താൽമോളജി, ഇ.എൻ.ടി ആൻഡ് ഡെന്റൽ വിഭാഗങ്ങളിൽ പി.ജി ഡോക്ടർമാർക്ക് 58 ഇന ശസ്ത്രക്രിയ നടത്താൻ സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ അനുമതി നൽകിയതിലാണ് അലോപ്പതി ഡോക്ടർമാരുടെ പ്രതിഷേധം. 15 വർഷത്തോളം പ്രയത്നിച്ചാൽ മാത്രമേ അലോപ്പതിയിൽ ഒരാൾ സ്‌പെഷ്യലൈസ്ഡ് സർജനാകൂവെന്നും, ആയുർവേദ പി.ജി ഡോക്ടർമാരെല്ലാം സ്‌പെഷ്യലൈസ്ഡ് സർജൻമാരാകുന്ന സ്ഥിതി രോഗികളുടെ ജീവന് ഭീഷണിയാണെന്നും അലോപതി ഡോക്ടർമാർ പറയുന്നു. എന്നാൽ, അടിസ്ഥാനപരമായി അലോപ്പതിക്കാരുടെ സിലബസാണ് ആയുർവേദ വിദ്യാർത്ഥികളും പഠിക്കുന്നതെന്നും, കൃത്യമായ പരിശീലനത്തിലൂടെ തങ്ങൾക്കും ശസ്ത്രക്രിയ സാദ്ധ്യമാണെന്നും ആയുർവേദ ഡോക്ടർമാർ പറയുന്നു.
'ആയുർവേദേ ഡോക്ടർമാർക്ക് ശസ്ത്രക്രിയ പരിശീലനവും മറ്റു സഹായങ്ങളും അലോപ്പതിക്കാർ നൽകണമെന്നത് രോഗികളുടെ ജീവൻ അപകടത്തിലാക്കും.'
-ഡോ.എബ്രഹം വർഗീസ്
സംസ്ഥാന പ്രസിഡന്റ്
ഐ.എം.എ
'ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയാ പരിശീലനം നൽകാൻ കേരളത്തിന് പുറത്ത് വിവിധ സർവകലാശാലകളുണ്ട്. സാധാരണക്കാരന് ഈ തീരുമാനം സഹായകരമാകും.'
-ഡോ.സി.എസ്.ശിവകുമാർ
ജനറൽ സെക്രട്ടറി
അഖില കേരള ഗവ.ആയുർവേദ കോളേജ് അദ്ധ്യാപക സംഘടന
രോഗികളെ വലച്ച്
ഡോക്ടർമാരുടെ സമരം
തിരുവനന്തപുരം: ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ ചെയ്യാൻ അനുമതി നൽകിയ കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഐ.എം.എ ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ ഡോക്ടർമാർ ഇന്നലെ നടത്തിയ ഒ.പി ബഹിഷ്കരണത്തെ തുടർന്ന് സാധാരണക്കാരായ രോഗികൾ വലഞ്ഞു. പുതിയ രോഗികളും തുടർചികിത്സയ്ക്കായി മുൻനിശ്ചയിച്ച പ്രകാരം ദൂര സ്ഥലങ്ങളിൽ നിന്നെത്തിയവരുൾപ്പെടെ മടങ്ങിപ്പോയി.
ഡോക്ടർമാരുടെ സംഘടനകളായ കെ.ജി.എം.സി.ടി.എ, കെ.ജി.എം.ഒ. എ, കെ.ജി.എസ്.ഡി.എ, കെ. ജി.ഐ.എം.ഒ.എ, കെ.പി.എം.സി.ടി.എ എന്നിവർ സമരത്തിന്റെ ഭാഗമായി. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ നടന്ന സമരത്തിൽ ദന്തൽ വിഭാഗം ഡോക്ടർമാരും പങ്കെടുത്തു.
തിരുവനന്തപുരം മെഡിക്കൽ കോളേജ്, കണ്ണാശുപത്രിയുൾപ്പെടെ ദിവേസേന നൂറുകണക്കിന് ആളുകളെത്തുന്ന ആശുപത്രികളിൽ പ്രായമായവരും സ്ത്രീകളുമുൾപ്പെടെ നിരവധിപേർ രാവിലെ മുതൽ എത്തിയിരുന്നു. ഒ.പിയിൽ എത്തിയവർക്ക് മറ്റൊരുദിവസം  ഡോക്ടറെ കാണാൻ സമയം എഴുതിനൽകി മടക്കി. ഭൂരിഭാഗം പേരും ആശുപത്രികളിലെത്തിയ ശേഷമാണ് സമരത്തെ കുറിച്ചറിഞ്ഞത്. ജില്ലാ, താലൂക്ക് ആശുപത്രികളിലും സമാനമായ സ്ഥിതിയായിരുന്നു.
അതേസമയം അത്യാഹിത വിഭാഗത്തിലെത്തുന്നവർക്കും കൊവിഡുമായി ബന്ധപ്പെട്ടും രോഗികൾക്ക് ചികിത്സ മുടങ്ങിയില്ല. സ്വകാര്യ ആശുപത്രികളിൽ ചില ഒ.പി മാത്രമാണ് മുടങ്ങിയത്. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളൊന്നും നടത്തില്ലെന്ന് ഐ.എം.എ അറിയിച്ചിരുന്നു.
അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഇൻപേഷ്യന്റ് കെയർ, ഐ.സി.യു കെയർ എന്നിവയിൽ ഡോക്ടർമാർ ഡ്യൂട്ടിക്കെത്തി. ഒ.പി ബഹിഷ്കരിച്ച ഡോക്ടർമാർ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലായിരുന്നു പ്രതിഷേധ ധർണ. കൊവിഡ് കാലത്തെ ഡോക്ടർമാരുടെ നടപടിക്കെതിരെ വ്യാപക വിമർശനവും ഉയരുകയാണ്.