kim-ki-duk

ഗോവയിൽ 2017ൽ നടന്ന ഫിലിം ഫെസ്റ്റിവലിലാണ് (ഐ.എഫ്.എഫ്.ഐ) ഞാൻ കിംകി ഡുക്കിനെ അടുത്ത് പരിചയപ്പെടുന്നത്. ഹോട്ടലിൽ അടുത്തടുത്ത മുറികളിലായിരുന്നു ഞങ്ങൾ. അദ്ദേഹത്തിന് ഇംഗ്ളീഷ് അറിയില്ല. പക്ഷെ, കഴിയുന്നതുപോലെ ആശയവിനിമയം നടത്തി. പ്രഭാത ഭക്ഷണം ഒരുമിച്ചായിരുന്നു. ഒന്നുകിൽ ഞാൻ പോയി അദ്ദേഹത്തിന്റെ വാതിലിൽ തട്ടും. അല്ലെങ്കിൽ അദ്ദേഹം എന്റെ വാതിലിൽ തട്ടും.

കൈയിലൊരു ടാബ് എപ്പോഴും കാണും. അതിൽ എന്തൊക്കെയോ കൊറിയൻ ഭാഷയിൽ കുറിച്ചുകൊണ്ടിരിക്കും. ഒറ്റയ്ക്കായാലും നടക്കുമ്പോഴും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും പെട്ടെന്ന് ടാബ് എടുത്ത് കുറിക്കുന്നതു കാണാം. അപ്പപ്പോൾ തോന്നുന്ന ചിന്തകളാണ് കുറിച്ചിടുന്നതെന്നാണ് പറഞ്ഞത്. തന്റെ രാജ്യത്തിന് പുറത്തു നിൽക്കുമ്പോഴാണ് ചിന്തകൊണ്ട് രാജ്യത്തോട് കൂടുതൽ അടുക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

ഗോവയിൽ മലയാളികളാണ് അദ്ദേഹത്തെ വളഞ്ഞിരുന്നത്. സംസാരിക്കാൻ ദ്വിഭാഷിയില്ലാത്തതുകാരണം അദ്ദേഹം മാറി നടന്നിരുന്നു.

ദാരിദ്രയം അനുഭവിച്ചാണ് വളർന്നത്. അധോലോകത്തിലുള്ളവർ എന്നു പറയുന്നവരെ കണ്ടു വളർന്നതാണ്. അതുകൊണ്ടാകണം മികച്ച വിദ്യാഭ്യാസം കിട്ടാതെ പോയത്. അദ്ദേഹം പിന്നീട് ഫ്രാൻസിൽ പോയി. അവിടെ നിന്നാണ് ചിന്തകളിൽ സിനിമ നിറ‌ഞ്ഞതെന്നാണ് ഞാൻ മനസിലാക്കുന്നത്.

2003ൽ പുറത്തിറങ്ങിയ സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ... ആന്റ് സ്പ്രിംഗ് എന്ന ചിത്രമാണ് കിംകി ഡുക്ക് സംവിധാനം ചെയ്ത ചിത്രങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമായത്. മനുഷ്യ ജീവിതത്തിന്റെ വളർച്ചാഘട്ടങ്ങളെ ഒരു സെൻ ബുദ്ധിസ്റ്റിന്റെ കാഴ്ചപ്പാടിൽ ചിന്താപരമായി വിശകലനം ചെയ്യുന്ന സിനിമയാണിത്. അവിടെ നിന്നാണ് അദ്ദേഹത്തിന്റെ സിനിമ വയലൻസിലേക്ക് തിരിഞ്ഞത്.

ചോരയെയും മാംസത്തെയും വളരെ നഗ്നമായി തന്നെ സിനിമയിലൂടെ കാണിച്ചു. അദ്ദേഹത്തെ കേരളത്തിന്റെ ഹീറോ ആക്കി മാറ്രുന്നതിൽ ഇത്തരം ചിത്രങ്ങൾക്കും വലിയ പങ്കുണ്ട്.

വയലൻസിനെ ഒരു കലാരൂപമാക്കി മാറ്റിയ സംവിധായകനാണ് കിംകി ഡുക്ക്. അതിനെ അദ്ദേഹം എങ്ങനെ കണ്ടു? പ്രേക്ഷകരിലേക്ക് അത് സന്നിവേശിച്ചതെങ്ങനെ? അതിന്റെ പരിണിത ഫലങ്ങൾ എന്തൊക്കെ എന്നതൊക്കെ പഠനവിധേയമാക്കേണ്ടതാണ്. അത് ഇനി ഉണ്ടാകുമായിരിക്കും. പ്രത്യേകച്ച് സമൂഹം കൂടുതൽ വയലൻസിലേക്ക് പോകുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ.