farmers

തിരുവനന്തപുരം: ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ ഇന്ന് മുതൽ അനിശ്ചിതകാല കർഷക സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരത്ത് പാളയം രക്തസാക്ഷിമണ്ഡപത്തിന് മുന്നിൽ രാവിലെ 10ന് അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റ് എസ്. രാമചന്ദ്രൻ പിള്ള സമരം ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് ഏഴുവരെ തുടർച്ചയായി നടക്കുന്ന സമരത്തിൽ കൊവിഡ് പെരുമറ്റചട്ടം പാലിച്ച് വോളന്റിയർമാർ പങ്കെടുക്കും. 14ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
പോരാട്ടം വിജയിപ്പിക്കാൻ കർഷക സമൂഹം മുഴുവൻ രംഗത്തിറങ്ങണമെന്ന് സമിതി സെക്രട്ടറി കെ.എൻ. ബാലഗോപാൽ അഭ്യർത്ഥിച്ചു. എം. വിജയകുമാർ, ജെ. വേണുഗോപാലൻ നായർ, എസ്.കെ. പ്രീജ, കെ.സി. വിക്രമൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.