
തിരുവനന്തപുരം:ആര്യശാലയിലെ മുത്തൂറ്റ് ഫിൻകോർപിന് തീപിടിച്ചു. സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ഹാളിലാണ് തീപിടിത്തമുണ്ടായത്. ഇരുനില കെട്ടിടത്തിന്റെ താഴെത്തെ നിലയിലാണ് ധനകാര്യ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. മുകളിലത്തെ നിലയിൽ മീറ്റിംഗുകൾക്കും മറ്റും ഉപയോഗിക്കുന്ന ഹാളിലായിരുന്നു അപകടം.എ.സിയിലെ സ്വിച്ച് ബോർഡിൽ നിന്നാണ് തീപടർന്നത്. ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു സംഭവം. ഉടൻതന്നെ ചെങ്കൽചൂള ഫയർ സ്റ്റേഷനിൽ നിന്നുള്ള മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി. ഹാളിൽ പുക നിറഞ്ഞതു കാരണം ആദ്യം അകത്തേക്ക് കയറാൻ കഴിഞ്ഞില്ല. തുടർന്ന് ഓക്‌സിജൻ സിലണ്ടറുമായി കടന്നാണ് തീപടിച്ച സ്ഥലം കണ്ടെത്തിയത്. മറ്റ് സാധനങ്ങളൊന്നും ഹാളിൽ ഇല്ലാതിരുന്നതിനാൽ വലിയ നാശനഷ്ടം ഉണ്ടായില്ലെന്നും ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നും ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു. റീജിയണൽ ഫയർ ഓഫീസർ ദീലിപൻ സ്റ്റേഷൻ ഓഫീസർ ഡി.പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ 25 ഓളം ജീവനക്കാർ ഒരുമണിക്കൂറിലേറെ പണിപ്പെട്ടാണ് തീകെടുത്തിയത്.