
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് വിയ്യൂർ, കാക്കനാട് ജയിലുകളിലായിരുന്നപ്പോൾ നടന്ന കൂടിക്കാഴ്ചകളെ കുറിച്ചും ജയിൽ ഡി.ജി.പി ഋഷിരാജ്സിംഗ് വിശദ റിപ്പോർട്ട് തേടി.
ജയിലിൽ വധഭീഷണി നേരിട്ടുവെന്ന് സ്വപ്ന കോടതിയെ ധരിപ്പിച്ചതിനെ തുടർന്ന് അവരെ പാർപ്പിച്ചിരുന്ന അട്ടക്കുളങ്ങര വനിതാ ജയിൽ കേന്ദ്രീകരിച്ച് ദക്ഷിണ മേഖലാ ഡി.ഐ.ജി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ ആരോപണത്തിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ഇതേ തുടർന്നാണ് മറ്റു ജയിലുകളിൽ അന്വേഷണം നടത്തുന്നത്.
അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ എന്താണ് എഴുതിയിരുന്നതെന്ന് താൻ വായിച്ചു നോക്കിയില്ലെന്നും ഒപ്പിട്ടു നൽകുകയായിരുന്നുവെന്നും സ്വപ്ന പറഞ്ഞതായി ജയിൽ അധികൃതരുടെ ആദ്യ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. അട്ടക്കുളങ്ങര ജയിലിൽ നിന്ന് കസ്റ്റഡിയിലേക്ക് മാറിയപ്പോൾ അഭിഭാഷകനോട് സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ സംസാരിച്ചിരുന്നതായും അവർ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ അന്വേഷണത്തിന് എത്തിയ ജയിൽ ഡി.ഐ.ജി ഇക്കാര്യങ്ങൾ രേഖപ്പെടുത്തി മൊഴി ഒപ്പിട്ടു നൽകാൻ ആവശ്യപ്പെട്ടുവെങ്കിലും സ്വപ്ന സമ്മതിച്ചില്ല. ഇക്കാരണത്താൽ സ്വപ്ന അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത് ആക്ഷേപങ്ങൾക്ക് ഇടനൽകിയിരുന്നു. ഈ റിപ്പോർട്ടിനെതിരെ നിയമ വിദഗ്ദ്ധരും പ്രതിപക്ഷ കക്ഷികളും രംഗത്തു വരുകയും ചെയ്തു.
സ്വപ്ന ജയിലിലുണ്ടായിരുന്ന ഒക്ടോബർ 14 മുതൽ നവംബർ 25 വരെയുള്ള കാമറാ ദൃശ്യങ്ങൾ പരിശോധിച്ചും ജയിൽ ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തും സന്ദർശക പട്ടിക പരിശോധിച്ചുമാണ് ജയിൽ ഡി.ഐ.ജി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ജയിലിന് പുറത്തും അകത്തുമുള്ള കാമറകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതായി ജയിൽ അധികൃതർ പറയുന്നു.