
തലസ്ഥാനത്ത് എത്തിയ കിം കി ഡുക്ക് വഴുതക്കാട് നിരത്തിലൂടെ പ്രഭാസ സവാരിക്കിറങ്ങി. സമീപത്തുകൂടി കടന്നുപോയവർ ആരാധനയോടെ അമ്പരന്ന് നോക്കി. അതു കണ്ട് കിം കി ഡുക്കിനും വിസ്മയം. ബസിൽ നിന്നും തലപുറത്തേക്കിട്ട് ആരാധകൻ നീട്ടിവിളിച്ചു.. 'ഹലോ, കിം ഡുക്കേ...'
തനിക്ക് ഇത്രയും ആരാധകരോ, ഇവിടെ... എന്നോർത്ത് അദ്ദേഹം അമ്പരന്ന് നിന്നു. ഓടിവന്നവർ ഒപ്പം നിന്ന് ചിത്രങ്ങളെടുത്തു. 2013 ഡിസംബർ 11നായിരുന്നു മലയാളികളുടെ ആ സ്നേഹ പ്രകടനം. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. അന്ന് കിം കി ഡുക്കുമൊത്ത് ഡെലിഗേറ്റുകളും ആരാധകരും നിൽക്കുന്ന ചിത്രങ്ങൾകൊണ്ട് ഫേസ്ബുക്ക് നിറഞ്ഞു. മനം നിറഞ്ഞാണ് കിം കി ഡുക്ക് മടങ്ങിയത്.
2011ൽ ഗോവയിൽ അന്താരാഷ്ട്ര മേളയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കേരളത്തിൽ തനിക്ക് വിപുലമായ ആരാധകവൃന്ദമുണ്ടെന്ന് കിം കി ഡുക്ക് തിരിച്ചറിയുന്നത്.മലയാളി ഡെലിഗേറ്റുകളാണ് അവിടെ അദ്ദേഹത്തെ വളഞ്ഞത്.
രണ്ടു വർഷം കഴിഞ്ഞ് തിരുവനന്തപുരത്തെ മേളയിലേക്കുള്ള ഡുക്കിന്റെ വരവ് സിനിമാ പ്രേമികൾ വമ്പൻ ആഘോഷമാക്കി.
ആ വർഷം 'മൊബിയസ് ' എന്ന ചിത്രമായിരുന്നു പ്രദർശിപ്പിച്ചത്. ഡുക്കിന്റെ സാന്നിദ്ധ്യത്തിൽ നടന്ന പ്രദർശനത്തിനിടെ തിയേറ്ററിൽ നാലുപേരാണ് തലകറങ്ങി വീണത്. ഹിംസയുടെ അതിപ്രസരമായിരുന്നു കാരണം. 'സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ... ആന്റ് സ്പ്രിംഗ്' എന്ന സിനിമയിലെ നിശ്ശബ്ദതയലൂടെയും മൊബിയസിലെ വയലൻസിലൂടെയും ഒരേ സന്ദേശമാണ് തനിക്ക് നൽകാനുള്ളതെന്ന് അദ്ദേഹം അന്ന് പറഞ്ഞു.