crime

തൃശൂർ: ഡെന്റൽ ക്ലിനിക്ക് നടത്തിയിരുന്ന വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുട്ടനെല്ലൂരിൽ ഡെന്റിസ്റ്റ് സ്‌പെഷാൽറ്റി ഡെന്റൽ ക്ലിനിക്ക് നടത്തിയിരുന്ന മൂവാറ്റുപുഴ പാലക്കുഴ സ്വദേശി ഡോ. സോന ജോസിനെ (30) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പാവറട്ടി മനപ്പടി മഹേഷിന്റെ (39) ജാമ്യാപേക്ഷയാണ് തൃശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഡി. അജിത് കുമാർ തള്ളിയത്.

തൃശൂർ ജില്ലക്കാരനായ പ്രതി കേസിലെ സാക്ഷികളെ സ്വാധീനിക്കാനും കേസന്വേഷണം അട്ടിമറിക്കാനും സാദ്ധ്യതയുണ്ടെന്നുള്ള ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ഡി. ബാബുവിന്റെ വാദം കണക്കിലെടുത്താണ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. ഡോ. സോനയും താനും കഴിഞ്ഞ 4 വർഷമായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നുവെന്നും ഡെന്റൽ ക്ലിനിക്കിലെ സാമ്പത്തിക ഇടപാടു സംബന്ധിച്ച് ഡോക്ടറുമായി തർക്കങ്ങളുണ്ടായിരുന്നുവെന്നും ഡോക്ടറെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. കഴിഞ്ഞ 60 ദിവസത്തോളമായി ജയിലിലാണെന്നും അന്വേഷണം പൂർത്തിയായതിനാൽ തുടർന്ന് ജയിലിൽ പാർപ്പിക്കേണ്ട സാഹചര്യമില്ലെന്നും അതിനാൽ ജാമ്യത്തിനർഹതയുണ്ടെന്നും പ്രതി വാദിച്ചു. 2020 ആഗസ്റ്റ് 29ന് വൈകീട്ട് 3.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം ജില്ലയിലെ സ്ഥിരതാമസക്കാരിയായ ഡോക്ടറുടെ അടുത്ത സുഹൃത്തായിരുന്നു പ്രതിയായ മഹേഷ്. കുട്ടനെല്ലൂരിൽ ഡോ. സോന നടത്തിയിരുന്ന ഡെന്റൽ ക്ലിനിക്കിലെ ഉപകരണങ്ങൾ വാങ്ങിയതിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നുണ്ടായ വൈരാഗ്യത്തെത്തുടർന്നാണ് കൊലപാതകം നടന്നത്.