csi

ഡോ. റോസ് ബിസ്റ്റിനെതിരെ അച്ചടക്ക നടപടിക്ക് സർക്കാരും

തിരുവനന്തപുരം : സി.എസ്.ഐ ദക്ഷിണകേരള മഹായിടവക സെക്രട്ടറി ഡോ. പി.കെ.റോസ്ബിസ്റ്റിനെ ചർച്ച് സിനഡ് പുറത്താക്കി. സഭയുടെ ഭരണഘടന ലംഘിച്ചെന്നും സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും കണ്ടെത്തിയതിന്റെ പേരിലാണ് നടപടി. ഡോ. ടി.ടി. പ്രവീൺ ആണ് പുതിയ സെക്രട്ടറി.

ബിഷപ്പ് എ. ധർമ്മരാജ് റസാലത്തിന് കീഴിൽ സെക്രട്ടറിയായ റോസ് ബിസ്റ്റിനായിരുന്നു സഭയുടെ സ്വത്തുവകകളുടെ നടത്തിപ്പു ചുമതല. സഭാചട്ടങ്ങൾക്ക് വിരുദ്ധമായി ഇദ്ദേഹം മേൽക്കമ്മിറ്റികളുടെ അനുമതി ഇല്ലാതെ ഇടപാടുകൾ നടത്തിയെന്ന് കണ്ടെത്തി. കഴക്കൂട്ടത്തെ ആശുപത്രിയുടെ പുരയിടം റോഡ് വികസനത്തിനായി വിട്ടുകൊടുത്തതിന് സർക്കാർ നൽകിയ 1.18 കോടി രൂപ വകമാറ്റി ചിലവാക്കിയെന്നും വ്യക്തമായി. തുടർന്നാണ് കഴിഞ്ഞദിവസം ചെന്നൈയിൽ ചേർന്ന സിനഡ് എക്സിക്യൂട്ടീവ് കമ്മിറ്റി ഇദ്ദേഹത്തെ നീക്കിയത്.

അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി അസി. പ്രൊഫസറായ റോസ് ബിസ്റ്റ് മതസ്ഥാപനത്തിലെ പദവി വഹിച്ചത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന പരാതിയിൽ ആരോഗ്യവകുപ്പ് അച്ചടക്കനടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്. രണ്ടരവർഷത്തോളമായി മഹായിടവക സെക്രട്ടറിയായിരുന്നു. സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായാണ് റോസ്ബിസ്റ്റിൻ പ്രവർത്തിക്കുന്നതെന്ന് സർക്കാർ നേരത്തെ കണ്ടെത്തിയെങ്കിലും മതസ്ഥാപനത്തിൽ പ്രവർത്തിക്കുന്നില്ലെന്ന് കോടതിയെ തെറ്റിധരിപ്പിച്ച് അനുകൂലവിധി നേടി തൽസ്ഥാനത്ത് തുടരുകയായിരുന്നു. ഇതിനെതിരായ ഹർജിയിൽ,​ റോസ് ബിസ്റ്റിൻ പ്രവർത്തിക്കുന്നത് മതസ്ഥാപനത്തിലാണോ എന്ന് പരിശോധിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. പരിശോധനയിൽ മഹായിടവക മതസ്ഥാപനമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്.