1

പോത്തൻകോട്: എം.സി റോഡിലെ അപകടങ്ങൾ കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കഴക്കൂട്ടം മുതൽ അടൂർ വരെ ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കിയ മാതൃകാ സുരക്ഷാ റോഡിൽ അപകടങ്ങൾ പതിവായി. നിർമ്മാണം പൂർത്തിയാക്കി റോഡ് തുറന്നുനൽകിയിട്ട് ഏതാനും മാസങ്ങളായതേയുള്ളൂ. രണ്ടാഴ്ചയ്‌ക്കിടെ 11 അപകടങ്ങളാണ് കഴക്കൂട്ടം മുതൽ പോത്തൻകോട് വരെയുള്ള ഭാഗത്തുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ ചന്തവിളയിലും കാട്ടായിക്കോണത്തുമുണ്ടായ വാഹനാപകടങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. നവീകരണം പൂർത്തിയാക്കിയ റോഡിൽ വാഹനങ്ങൾ അമിതവേഗത്തിൽ പോകുന്നതാണ് അപകടങ്ങൾക്ക് കാരണം. ലോകബാങ്കിന്റെ സഹായത്തോടെ പദ്ധതി പ്രദേശത്തെ പ്രധാന ജംഗ്‌ഷനുകളുടെ നവീകരണവും കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. ഓസ്‌ട്രേലിയൻ കമ്പനിയായ വിക്റോഡ്‌സ് എന്ന സ്ഥാപനത്തിനാണ് റോഡ് സുരക്ഷയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ കരാർ നൽകിയിരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കെ.എസ്.ടി.പിക്കായിരുന്നു പദ്ധതിനിർവഹണ ചുമതല. ലോക ബാങ്കിന്റെ സഹായത്തോടെ 2010ലാണ് കെ.എസ്.ടി.പി റോഡ് വികസിപ്പിച്ചത്. റോഡിലെ സുരക്ഷാ പ്രവർത്തികൾ ഏകോപിപ്പിക്കാൻ പൊലീസ്, മോട്ടോർ വാഹനവകുപ്പ്, വിദ്യാഭ്യാസം, ആരോഗ്യം പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്തസമിതി രൂപീകരിച്ച് പരിശീലനവും വാഹനങ്ങളും നൽകിയെങ്കിലും പ്രവർത്തനം ആരംഭിക്കാത്തതാണ് അപകടങ്ങൾ പതിവാകാൻ കാരണമെന്നാണ് വിലയിരുത്തൽ. റോഡ് നവീകരണം പൂർത്തിയായി 6 വർഷം വരെ കരാർ എടുത്ത കമ്പനിക്കാണ് പരിപാലനച്ചുമതല.

പദ്ധതിയിൽ നടപ്പാക്കിയത്

------------------------------------------

ഇന്ത്യൻ റോഡ് കോൺഗ്രസ് (ഐ.ആർ.സി ) പ്രകാരമുള്ള ആധുനിക റോഡ് മാർക്കിംഗ്, ഫുട്പാത്തുകളുടെയും കലിങ്കുകളുടെയും പുനർനിർമ്മാണം, നിലവിലെ ഓടകളുടെ നവീകരണം, ഓടകളുടെ നിർമ്മാണം, കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കൽ, റോഡ്‌ കൈവരികളുടെ നിർമ്മാണം, മെറ്റൽ ബീം ക്രാഷ് ബാരിയറുകൾ സ്ഥാപിക്കൽ, അത്യാധുനിക സിഗ്നൽ സംവിധാനം, ദിശാസൂചക ബോർഡുകൾ തുടങ്ങിയവയാണ് മാതൃകാ സുരക്ഷാറോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കേരളത്തിലെ ആദ്യത്തെ ആധുനിക നിലവാരത്തിലുള്ള റോഡാണ് കഴക്കൂട്ടം - അടൂർ മാതൃകാറോഡ്.

 കഴക്കൂട്ടം മുതൽ തൈക്കാട് വരെ - 12 കിലോമീറ്റർ റോഡ്

 തൈക്കാട് മുതൽ അടൂർ വരെ - 78 .65 കിലോമീറ്റർ റോഡ്

 പദ്ധതിത്തുക - 146. 67 കോടി

 റോഡ് സേഫ്ടിക്ക് മാത്രം 65 കോടി

 നവീകരണം നടന്നത് - 28 ജംഗ്ഷനുകളിൽ