
ആലുവ: ചുണങ്ങംവേലി സെന്റ് ജോസഫ് സ്കൂളിന് സമീപം പെരിയാർ വാലി കനൽ ശുചീകരണത്തിനിടെ പ്ളാസ്റ്റിക്ക് ചാക്കിൽ കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ ഡൈന ( വെടിക്കെടുക്കൾക്ക് ഉപയോഗിക്കുന്ന തരം പടക്കം) ആണെന്ന നിഗമനത്തിൽ പൊലീസ്. ബുധനാഴ്ച്ച വൈകിട്ടാണ് തൊഴിലുറപ്പ് തൊഴിലാളികൾ ചാക്ക് കണ്ടെത്തിയത്. എന്നാൽ ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് എടത്തല പൊലീസ് വിവരമറിഞ്ഞത് സ്ഥലത്ത് എത്തിയത്. പിന്നാലെ ബോംബ് - ഡോഗ് സ്ക്വാഡും ഇവിടെ എത്തി. സംയുക്ത പരിശോധനയിലാണ് കാലപ്പഴക്കംചെന്ന ഡെെനയാണെന്ന നിഗമനിലത്തിലേക്ക് പൊലീസും ഡോഗ് സ്ക്വാഡും എത്തിയത്.
ഐസ്ക്രീം ബോളുകളിൽ പുറത്തേക്ക് തിരി നിൽക്കുന്ന രീതിയിലാണ് സ്ഫോടക വസ്തു നിർമ്മിച്ചിരുന്നത്.
സ്ഫോടക വസ്തുവാണെന്ന് സംശയിച്ചെങ്കിലും കാര്യമാക്കാതെ ആദ്യ ദിവസം തൊഴിലുറപ്പ് തൊഴിലാളികൾ വീടുകളിലേക്ക് മടങ്ങി. വ്യാഴാഴ്ച്ച തിരഞ്ഞെടുപ്പായതിനാൽ ജോലിയുണ്ടായില്ല. ഇന്നലെ ഉച്ചയോടെ ചാക്ക് കരയിലേക്ക് കയറ്റിയപ്പോൾ ചോർന്ന് ബോളുകൾ താഴെ വീണു. ബോംബ് ആണെന്ന സംശയം കൂടുതൽ തൊഴിലാളികൾ പങ്കുവച്ചതോടെ നാട്ടുകാർ മുഖേന എടത്തല പൊലീസിനെ വിവരം അറിക്കുകയായിരുന്നു. എസ്.എച്ച്.ഒ പി.ജെ. നോബിളിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയ ഉടൻ ബോംബ് സ്ക്വാഡിനെയും ഡോഗ് സ്ക്വാഡിനെയും വിളിച്ചുവരുത്തുകയായിരുന്നു. സിമന്റ് ചാക്കിലായി 49 ബോളുകളാണ് ഉണ്ടായിരുന്നത്. ഇവ തടയിട്ടപറമ്പ് മേഖലയിലെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് നിർവീര്യമാക്കി. കനാലിൽ വെള്ളം വന്നിട്ട് ഒരു മാസത്തോളമായെന്നും അതിനാൽ നേരത്തെ വെള്ളം വന്നപ്പോൾ ആരെങ്കിലും ചാക്കിൽകെട്ടി ഒഴുക്കി വിട്ടതാകാമെന്നും പൊലീസ് സംശയിക്കുന്നു. പടക്ക കച്ചവടക്കാരായ ആരെങ്കിലും കനാലിൽ ഉപേക്ഷിച്ചതാകാമെന്നും സി.ഐ പി.ജെ. നോബിൾ പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
കത്തിക്കാതിരുന്നതിനാൽ ജീവൻ
രക്ഷപ്പെട്ടെന്ന് തൊഴിലാളികൾ
സാധാരണയായി കനാൽ ശുചീകരണത്തിനിടെ ലഭിക്കുന്ന മാലിന്യങ്ങളിലേറെയും തുറന്നുനോക്കാതെ കത്തിച്ചുകളയുകയാണ് പതിവ്. സ്ഫോടക വസ്തുക്കൾ നിറച്ച ചാക്ക് ബുധനാഴ്ച്ച വൈകിട്ടാണ് കണ്ടെത്തിയത്. എല്ലാവരും ജോലി കഴിഞ്ഞ് പോകാനുള്ള തയ്യാറെടുപ്പിലായതിനാലാണ് അപ്പോൾ കത്തിക്കാൻ തുനിയാതിരുന്നത്. ഇന്നലെ ചാക്ക് കരയിലേക്ക് കയറ്റിയപ്പോൾ സ്ഫോടക വസ്തുക്കൾ ചോർന്ന് നിലത്തുവീണു. സ്ഫോടക വസ്തുക്കളാണെന്ന സംശയം ബലപ്പെട്ടതിനാലാണ് കത്തിക്കാതിരുന്നതെന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ ലീഡർ പ്രീത രാജു 'കേരളകൗമുദി'യോട് പറഞ്ഞു. ബുധനാഴ്ച്ച 24 ഉം ഇന്നലെ 19ഉം തൊഴിലാളികളാണ് ജോലിക്കുണ്ടായിരുന്നത്. ചാക്ക് തുറന്ന് നോക്കാതെ മറ്റ് പേപ്പർ മാലിന്യങ്ങൾക്കിടയിലിട്ട് കത്തിച്ചിരുന്നെങ്കിൽ ഒരു പക്ഷെ വലിയ ദുരന്തമായി മാറുമായിരുന്നു. 'ഭാഗ്യം കൊണ്ടാണ് അപകടമുണ്ടാകാതിരുന്നത്' പ്രീത പറഞ്ഞു. എടത്തല പഞ്ചായത്ത് മൂന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവർ.