swapna-suresh

തിരുവനന്തപുരം: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന പറഞ്ഞതനുസരിച്ചാണ് കോടതിയെ ഇക്കാര്യം അറിയിച്ചതെന്ന് സ്വപ്നയുടെ അഭിഭാഷകൻ സൂരജ് ടി. ഇലഞ്ഞിക്കൽ വെളിപ്പെടുത്തി.

സ്വപ്നയുടെയും കസ്റ്റംസിന്റെയും വാദം കേട്ടശേഷമാണ് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടത്. പരാതിയിലുള്ള കാര്യങ്ങളെല്ലാം കോടതിക്ക് ബോധ്യപ്പെട്ടതാണ്. ഏത് തരത്തിലുള്ള അന്വേഷണമാണ് ജയിൽ വകുപ്പ് നടത്തിയതെന്ന് വ്യക്തമല്ല, ജയിൽ വകുപ്പിന്റെ അന്വേഷണത്തിന് നിയമസാധുതയുണ്ടോയെന്ന് പരിശോധിക്കണമെന്നും അഭിഭാഷകൻ പറഞ്ഞു.

സ്വപ്നയെ ജയിലിൽ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കഴമ്പില്ലെന്നായിരുന്നു ജയിൽ വകുപ്പ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ. ഇക്കാര്യം വ്യക്തമാക്കി ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജി ജയിൽ മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.പൊലീസ്, ജയിൽ ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന രണ്ടു പേർ ജയിലിലെത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു അഭിഭാഷകൻ മുഖേന സ്വപ്ന കോടതിയെ അറിയിച്ചത്. എന്നാൽ, അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ എന്താണ് എഴുതിയതെന്ന് വായിച്ചു നോക്കിയില്ലെന്നും ഒപ്പിട്ട് നൽകുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന കഴിഞ്ഞ ദിവസം ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.