
കോവളം:വീടുകയറി ആക്രമണത്തിൽ യുവതിയുടെ ഗർഭം അലസിയ സംഭവത്തിൽ നാല് പേർക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടിയിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.വിഴിഞ്ഞം വടുവച്ചാൽ സ്വദേശിയും കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമായ ആരിഫ് ഖാന്റെ ഭാര്യ സീബയെ ആക്രമിച്ച പരാതിയിൽ സി.പി.എം പ്രവർത്തകരും വിഴിഞ്ഞം സ്വദേശികളുമായ അൽ അമീൻ,മുബാറക് ഷാ,അൽത്താഫ്,സെയ് ദലി എന്നിവർക്കെതിരെയാണ് കേസ്. സീബ ഇപ്പോഴും തൈക്കാട് ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ ചൊവ്വാഴ്ച നടന്ന രാഷ്ട്രീയ സംഘട്ടനങ്ങളുടെ ഭാഗമായാണ് വീടുകയറിയുളള ആക്രമണം അരങ്ങേറിയത്. മർദ്ദനമേറ്റ സീബ അന്ന് തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.കോൺഗ്രസുകാരും സി.പി.എമ്മുകാരും തമ്മിൽ നടന്ന കൂട്ട അടി ആയതിനാൽ യുവതി പരാതിനൽകിയ നാല് പേർക്കെതിരെ മാത്രമായി പ്രത്യേക കേസ് എടുക്കാൻ ബുദ്ധിമുട്ടുള്ളതായാണ് പൊലീസിന്റെ വാദം. എന്നാൽ വീട്ടിലെത്തി തന്നെ ആക്രമിച്ച നാല് പേർക്കെതിരെ കേസെടുക്കണമെന്ന സീബയുടെ കൂടുതൽ ആവശ്യപ്രകാരം ഇന്നലെ പ്രത്യേക എഫ്.ഐ.ആർ ഇടുകയായിരുന്നു.എന്നാൽ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞെങ്കിലും രണ്ട് കോൺഗ്രസ് പ്രവർത്തകരെ മാത്രമാണ് അറസ്റ്റ് ചെയ്തത്.ഇരു വിഭാഗത്തിലെയും കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെ കേസെടുത്തെങ്കിലും തുടർ നടപടികൾ എങ്ങുമെത്തിയില്ല.