
തിരുവനന്തപുരം: തമ്പാനൂരിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. ബാലരാമപുരം അയത്തിൽ വിഷ്ണു കോവിലിന് സമീപം ഉണ്ടക്കണ്ണൻ സനൽ എന്ന് വിളിക്കുന്ന സനൽ കുമാർ (39), കല്ലിയൂർ പുന്നമൂട് സ്കൂളിന് സമീപം ഷാജി മാത്യു (38) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തമ്പാനൂർ കൃപ തിയേറ്ററിന് സമീപം പാർക്ക് ചെയ്തിരുന്ന മണക്കാട് ആറ്റുകാൽ പുതുനഗർ സ്വദേശിയായ ഉണ്ണിക്കൃഷ്ണന്റെ ഓട്ടോറിക്ഷയിൽ നിന്നാണ് പ്രതികൾ 10,000 രൂപ വിലയുളള മൊബൈൽ ഫോൺ മോഷ്ട്ടിച്ചത്. മോഷണ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ തമ്പാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. തമ്പാനൂർ, ഫോർട്ട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്. പ്രതികൾക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരമുളള നിയമനടപടികൾ സ്വീകരിക്കുമെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ. ദിവ്യ വി. ഗോപിനാഥ് അറിയിച്ചു. തമ്പാനൂർ എസ്.എച്ച്.ഒ ബൈജു.എ, എസ്.ഐമാരായ സുധീഷ്, വിമൽ രംഗനാഥ്, എസ്.സി.പി.ഒമാരായ സഞ്ജു, സജയൻ സി.പി.ഒമാരായ ശ്രീനാഥ്, പ്രാൺ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.