
ബോളിവുഡിലും ഹോളിവുഡിലുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പ്രിയങ്ക ചോപ്ര. സൈബർ ലോകത്ത് ഏറെ ആഘോഷിക്കപ്പെടുന്ന താരജോഡികളെന്ന വിശേഷണവും പ്രിയങ്ക ചോപ്രയ്ക്കും ഭർത്താവും ഹോളിവുഡ് പോപ് ഗായകനുമായ നിക് ജൊനാസിനും സ്വന്തം. സമൂഹമാദ്ധ്യമങ്ങളിൽ പ്രിയങ്ക പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
"കുട്ടി പ്രിയങ്ക. എന്റെ വരാനിരിക്കുന്ന പുസ്തകത്തിലെ ആൽബത്തിൽ ഉൾപ്പെടുത്തിയ ഒരു പഴയചിത്രമാണ് ഇത്. അച്ഛന്റെ ആർമി യൂണിഫോം ധരിച്ച് വീടിനു ചുറ്റും അച്ഛന്റെ പിറകെ നടക്കാൻ ഞാനിഷ്ടപ്പെട്ടിരുന്നു. വളരുമ്പോൾ അദ്ദേഹത്തെ പോലെയാവാൻ ഞാനാഗ്രഹിച്ചു. അദ്ദേഹമായിരുന്നു എന്റെ ആരാധനാപാത്രം. എന്റെ സാഹസികതയെ അച്ഛൻ പ്രോത്സാഹിപ്പിച്ചു, ഞാനൊരു കൊച്ചുകുട്ടിയായിരുന്നെങ്കിൽപ്പോലും, സ്വയം എക്സ്പ്ലോർ ചെയ്യാൻ ഞാനെപ്പോഴും ശ്രമിച്ചു. പുത്തൻ സാഹസികതകൾ അന്വേഷിച്ചുകൊണ്ടിരുന്നു. പുതിയ എന്തെങ്കിലും കണ്ടെത്താൻ ശ്രമിച്ചു. മുൻപ് ചെയ്യാത്ത എന്തെങ്കിലും ചെയ്യുക, ഇതുവരെ ആരും കണ്ടെത്താത്ത എന്തെങ്കിലും കണ്ടെത്തുക എന്നതായിരുന്നു എന്റെ ആഗ്രഹം. ഞാനെപ്പോഴും ഒന്നാമതാവാൻ ആഗ്രഹിച്ചു. ഇപ്പോഴും ഞാൻ നിത്യേന ചെയ്യുന്ന ഓരോ ചെറിയ കാര്യത്തിലും ആ പ്രേരണയാണ് എന്നെ നയിക്കുന്നത്. പ്രിയങ്ക കുറിക്കുന്നു. ആർമിയിൽ ഡോക്ടർമാരായി സേവനം അനുഷ്ഠിച്ചവരാണ് പ്രിയങ്കയുടെ അച്ഛൻ അശോക് ചോപ്രയും അമ്മ മധു ചോപ്രയും. അച്ഛനമ്മമാരെ കുറിച്ചോർത്ത് താനെന്നും അഭിമാനിക്കുന്നുവെന്ന് പല അവസരങ്ങളിലും പ്രിയങ്ക പറഞ്ഞിട്ടുണ്ട്. ഏഴു വർഷങ്ങൾക്ക് മുൻപ് ജൂൺ 10നായിരുന്നു പ്രിയങ്കയുടെ അച്ഛൻ അശോക് ചോപ്ര മരിച്ചത്. അച്ഛന്റെ ഓർമദിനത്തിൽ പ്രിയങ്ക പങ്കുവച്ച കുറിപ്പും ഹൃദയസ്പർശിയായിരുന്നു. "നമ്മൾ ഹൃദയതന്തുക്കളാൽ അനന്തതയിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഓരോ ദിവസവും നിങ്ങളെ മിസ് ചെയ്യുന്നു ഡാഡി." കുടുംബവുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് പ്രിയങ്ക. Daddy’s lil girl എന്നാണ് ടാറ്റുവിൽ പോലും താരം കുറിച്ചിരിക്കുന്നത്. അശോക് ചോപ്രയുടെ മരണത്തെ തുടർന്നായിരുന്നു തന്റെ വലതു കൈത്തണ്ടയിൽ അച്ഛനോടുള്ള ബഹുമാനാർത്ഥം പ്രിയങ്ക പച്ചക്കുത്തിയത്. അശോക് ചോപ്രയുടെ കൈയ്യക്ഷരം തന്നെ പ്രിയങ്ക ടാറ്റൂ ചെയ്തെടുക്കുകയായിരുന്നു. കാൻസർ ബാധിച്ചായിരുന്നു അശോക് ചോപ്രയുടെ മരണം. തന്റെ പതിനെട്ടാം വയസിലാണ് പ്രിയങ്ക ചോപ്ര മിസ് ഇന്ത്യ കിരീടം നേടുന്നത്. അവിടം മുതൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന വ്യക്തിത്വമായി മാറിയതു വരെയുള്ള പ്രിയങ്കയുടെ ജീവിതയാത്ര സ്വപ്നസമാനമാണ്. ഇന്ത്യൻ എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയിൽ രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര.