ration

തലശ്ശേരി: താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള 20 ഓളം റേഷൻ കടക്കാർ സപ്ലൈ ഓഫിസിലേക്ക് ഓൺലൈൻ വഴി അടക്കാൻ ഏൽപിച്ച 17,20,000 രൂപ അടിച്ചു മാറ്റിയ നെറ്റ് കഫെ നടത്തിപ്പുകാരൻ പൊലീസ് ഇടപെട്ടതോടെ ഒത്തുതീർപ്പിന് തയ്യാറായി. ഇതിന്റെ ഭാഗമായി പരാതിക്കാർക്ക് നഷ്ടപ്പെട്ട തുകയ്ക്കുള്ള ചെക്കുകൾ ഇയാൾ നൽകും. പാലയാട്ടും, വെള്ളൊഴുക്കിലും, റേഷൻ കടകൾ നടത്തുന്ന മേപ്പാട്ട് രഘുനാഥ് തലശ്ശേരി ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ പാലിശ്ശേരിയിലെ സ്ഥാപന ഉടമയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ സമയം പരാതിക്കാരെയും വിളിച്ചു വരുത്തി നടത്തിയ അനൗദ്യോഗിക ചർച്ചയിലാണ് കേസ് ഒഴിവാക്കാനും മൂന്ന് മാസത്തിനകം പണം നൽകാനും തീരുമാനമായത് കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ റേഷൻ വ്യാപാരികൾ പ്രതിമാസ റേഷൻ സാധനങ്ങൾക്കായി ഇയാൾ മുഖേന ഓൺലൈൻ വഴി അടക്കാൻ ഏൽപിച്ച ലക്ഷങ്ങളാണ് തട്ടിപ്പ് നടത്തി കൈക്കലാക്കിയിരുന്നത്. ഇക്കഴിഞ്ഞ ദിവസം താലൂക്ക് ഓഫീസിൽ നിന്നും ലഭിച്ച വിവരത്തിൽ നടപ്പ് മാസം പണം എത്തിയിട്ടില്ലെന്നും സാധനങ്ങൾ അനുവദിക്കില്ലെന്നും അറിഞ്ഞതോടെയാണ് തട്ടിപ്പ് നടന്നതായി സൂചന ലഭിച്ചത്. മേലൂർ, പാലയാട്, ധർമ്മടം, ഇടത്തിലമ്പലം, ഭാഗങ്ങളിലുള്ള 13 പേർക്ക് വേണ്ടിയാണ് റേഷൻ വ്യാപാരികളുടെ സംഘടനാ നേതാവ് കൂടിയായ രഘുനാഥ് പൊലീസിൽ പരാതിപ്പെട്ടത്. 20 ഓളം വ്യാപാരികൾ വഞ്ചിതരായത്. പാലിശ്ശേരിയിൽ തേങ്ങാ വ്യാപാരവും കടലാസ് ഇടപാടും സ്റ്റേഷനറിയും നടത്തുന്നയാളാണ് കഫെക്കാരൻ.