
കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്ന് സമാപിക്കും. കാഞ്ഞങ്ങാട് നഗരസഭയിൽ ഇടതു-വലതു മുന്നണികൾ ബലാബലത്തിലാണ്. ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് (എം) ഉൾപ്പെട്ടത് പ്രവർത്തകരിൽ ആവേശം പകർന്നിട്ടുണ്ട്. നഗരസഭ പരിധിയിൽ നാലു ക്രിസ്ത്യൻ പള്ളികളാണുള്ളത്. ഇതിൽ ഒന്ന് ലത്തീൻ കത്തോലിക്കരുടേതും ഒന്ന് യക്കോബായക്കാരുടേതുമാണ്. ഇവിടങ്ങളിൽ ഒത്തുകൂടുന്നവർ ചുരുങ്ങിയത് ആയിരമെങ്കിലും കാണുമെന്നാണ് കരുതുന്നത്. ഒരു വാർഡിലെ വോട്ടർമാരുടെ സംഖ്യയായി ഇത്. ഇവരിൽ ഭൂരിഭാഗവും കേരള കോൺ(എം) നോട് താത്പര്യമുള്ളവരും ആയിരിക്കും. അതുകൊണ്ടു തന്നെ ഇവരുടെ പിന്തുണ എൽ.ഡി.എഫിന് സഹായകരമാകും.
കണിയാംകുളം പോലെ അമ്പത് ശതമാനം വിജയം അവകാശപ്പെടാവുന്ന വാർഡ് കേരള കോൺ(എം)ന് നൽകിയതും അതുകൊണ്ടാണ്. കണിയാംകുളം വാർഡിൽ മാത്രം മുപ്പത് പേരോളം ക്രിസ്ത്യൻ വോട്ടർമാരുണ്ട്. പടന്നക്കാട് മേഖലയിലും ചില വാർഡുകളിൽ ജയാപരാജയം നിശ്ചയിക്കാൻ ഇവർക്ക് കഴിയുമെന്നാണ് നിരീക്ഷകർ കരുതുന്നത്. അതേ സമയം മുസ്ലീം ലീഗ് ആകെ മത്സരിക്കുന്ന 16 വാർഡുകളിൽ പതിമൂന്നിടത്തും പുതുമുഖങ്ങളാണ്. കഴിഞ്ഞ ഭരണസമിതിയിൽ ടി.കെ സുമയ്യ മാത്രമാണ് മത്സരിക്കുന്നത്.
സ്ഥാനാർത്ഥികളിൽ മറിയം 2010ൽ വിജയിച്ചിരുന്നു. അത് പോലെ സി.എച്ച് സുബൈദയും 2000-2005 ഭരണ കാലയളവിൽ ലീഗിന്റെ കൗൺസിലറായിരുന്നു. 16 സ്ഥാനാർത്ഥികളിൽ 9 സ്ത്രീകളും 7 പുരുഷന്മാരുമാണ്. സ്ത്രീകളിൽ മുപ്പതിന് താഴെ വയസുള്ള മൂന്ന് പേരുണ്ട്. വാർഡ് 39ൽ മത്സരിക്കുന്ന ആയിശ ബി.എ ഇംഗ്ലീഷ് ബിരുദധാരിയും മോണ്ടിസറി സ്‌കൂൾ അദ്ധ്യാപികയുമാണ്. യു.ഡി.എഫ് ഇതിനോടകം തന്നെ പകുതിയിലധികം വാർഡുകളിലും കുടുംബ സംഗമം നടത്തി കഴിഞ്ഞു. എൽ.ഡി.എഫിൽ 13 സി.പി.എം സ്വതന്ത്രമാരും രണ്ട് എൽ.ഡി.എഫ് സ്വതന്ത്രമാരുമാണ് മത്സരരംഗത്തുള്ളത്. പാർട്ടി ചിഹനത്തിൽ 19 പേർ മത്സരിക്കുന്നുണ്ട്. ഐ.എൻ.എൽ 6 സീറ്റിലും സി.പി.ഐ, എൽ.ജെ.ഡി, കേരള കോൺഗ്രസ് എം എന്നീ പാർട്ടികൾ ഒരോ സ്ഥാനാർത്ഥികളെയുമാണ് മത്സരിപ്പിക്കുന്നത്.
2015 ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എട്ട് വാർഡുകളിലാണ് 50 വോട്ടിൽ താഴെ ഭൂരിപക്ഷമുള്ളത്. കുശാൽ നഗർ, പട്ടാക്കൽ, മുറിയനാവി, ആറങ്ങാടി, പടന്നക്കാട്, നിലാങ്കര, മധുരങ്കൈ, കാഞ്ഞങ്ങാട് സൗത്ത് തുടങ്ങിയ വാർഡുകളിൽ 50 വോട്ടിൽ താഴെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇതിൽ നാല് വാർഡുകളിൽ യു.ഡി.എഫും നാല് വാർഡുകളിൽ എൽ.ഡി.എഫുമാണ്. 2015ൽ സന്തോഷ് കുശാൽ നഗർ വിജയിച്ചത് നറുക്കിലൂടെയായിരുന്നു.
പട്ടാക്കൽ വാർഡിൽ നിന്ന് യു.ഡി.എഫിന്റെ ഹസൈനാർ കല്ലൂരാവിയാണ് ഏറ്റവും ചെറിയ വോട്ടിന് ജയിച്ചത്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലമാണ് പട്ടാക്കലിലേത്. 2300 വോട്ടർമാരാണ് ഇവിടെയുള്ളത്. ലീഗിന്റെ ശക്തി കേന്ദ്രങ്ങളായ ആറങ്ങാടിയിലും ബാവ നഗറിലുമാണ് റിബലുകളുള്ളത്. ആറങ്ങാടിയിൽ ലീഗിന്റെ സ്ഥാനാർത്ഥിക്കെതിരെ ലീഗ് നേതാവും ബാങ്ക് ഡയറക്ടുമായ കെ.കെ. ഇസ്മയിലാണ് മത്സരിക്കുന്നത്. ബാവ നഗറിൽ ലീഗ് മണ്ഡലം നേതാവ് എം. ഇബ്രാഹിമും കൊണ്ടുപിടിച്ച പ്രചാരണത്തിലാണ്.