kalyot

കാഞ്ഞങ്ങാട്: സംസ്ഥാന രാഷ്ട്രീയം തന്നെ ഉറ്റുനോക്കുന്ന പുല്ലൂർ-പെരിയ കല്ല്യോട്ട് നടക്കുന്നത് ജീവൻമരണ പോരാട്ടം. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതോടെയാണ് പുല്ലൂർ-പെരിയ പഞ്ചായത്തിലെ കല്ല്യോട്ട് ദേശീയ ശ്രദ്ധയിലെത്തിയത്. 2015ൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടി പുല്ലൂർ-പെരിയ പഞ്ചായത്ത് ഭരണം കരസ്ഥമാക്കിയിരുന്നു. ഇത്തവണ ഭരണം നിലനിർത്താൻ എൽ.ഡി.എഫും കൈവിട്ടപോയ ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫും കഠിനമായ പ്രചാരണത്തിലാണ്. പഞ്ചായത്തിലെ ഭൂരിഭാഗം വാർഡുകളിലും അതി ശക്തമായ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞവർഷം എൽ.ഡി.എഫ് പി. കൃഷ്ണൻ മാസ്റ്ററെ മുന്നിൽ നിർത്തി അട്ടിമറി വിജയം നേടിയ മൂന്നാം വാർഡിൽ ഇത്തവണയും പോരാട്ടം ചൂടും ചൂരും നിറഞ്ഞതാണ്. കോൺഗ്രസിന്റെ ഇളകാത്ത കോട്ടയായ കല്ല്യോട്ട് മൂന്നാം വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അഞ്ച് വോട്ടുകൾക്കാണ് കൃഷ്ണൻ മാസ്റ്റർ അട്ടിമറി വിജയം സ്വന്തമാക്കിയത്. കോൺഗ്രസ് ഇവിടെ പൊരുതി തോൽക്കുകയായിരുന്നു. ഇത്തവണ വാർഡിൽ വീറും വാശിയും നിറഞ്ഞ മത്സരമാണ് അരങ്ങേറുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എം. നളിനിയും യു.ഡി.എഫ് സ്ഥാനാർഥിയായി കാർത്ത്യായനിയും അരയും തലയും മുറുക്കി ഇവിടെ മത്സരരംഗത്തുണ്ട്. യു.ഡി.എഫ് -എൽ.ഡി.എഫ് പ്രവർത്തകർ തികഞ്ഞ ആവേശത്തോടെ കൂടിയാണ് ഇവിടെ മത്സരത്തെ കാണുന്നത്. സീറ്റ് നിലനിർത്തുമെന്ന് എൽ.ഡി.എഫ് അവകാശപ്പെടമ്പോൾ ഇത്തവണ സീറ്റ് യു.ഡി.എഫിന് അനുകൂലമാകുമെന്ന് യു.ഡി.എഫ് പ്രവർത്തകർ പറയുന്നു.