building

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ റോഡിലെ പൊളിക്കാൻ ആർ.ഡി.ഒ ഉത്തരവിട്ട കെട്ടിടം ഉദ്യോഗസ്ഥ ഭരണത്തിൽ പുനർനിർമ്മിക്കാൻ ശ്രമം. സംഭവം അറിഞ്ഞതോടെ നഗരസഭ എൻജിനീയറിംഗ് വിഭാഗം സ്ഥലത്തെത്തി പണി നിർത്തിവെപ്പിച്ചു. രണ്ട് വർഷം മുമ്പ് മഴക്കാലത്താണ് റെയിൽവേ സ്റ്റേഷൻ റോഡിലെ ഈ ഇരു നില ഓട് മേഞ്ഞ കെട്ടിടം നിലം പൊത്തിയത്. ഒരു വർഷം കഴിഞ്ഞതോടെ കെട്ടിട ഉടമ തകർന്ന കെട്ടിടത്തിന്റെ ചുമരുകളോട് ചേർത്ത് കോൺക്രീറ്റ് പില്ലറുകൾ പണിതിരുന്നു. ഇതേ തുടർന്ന് നഗരസഭ തൂണകൾ പൊളിച്ച് മാറ്റാൻ ഉത്തരവിട്ടിരുന്നു. കെട്ടിടം സ്വന്തം ചെലവിൽ പൊളിച്ച് നീക്കണമെന്ന് വടകര സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നില നിൽക്കെയാണ് കഴിഞ്ഞ ദിവസം ഇരുപതോളം തൊഴിലാളികളെ വെച്ച് കോൺക്രീറ്റ് ചെയ്യാൻ ശ്രമിച്ചത്. കൊയിലാണ്ടി സീനത്ത് മൻസിൽ മജ മുന്നീസ ശബാബ, മുഹമ്മദ് റഫീക്, കദീശക്കുട്ടി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.