
ജനാധിപത്യത്തിന്റെ ശ്രീകോവിൽ നിത്യപൂജയ്ക്ക് നിവൃത്തിയില്ലാതെ കിടക്കുന്നത് ഐശ്വര്യത്തിന്റെ ലക്ഷണമല്ലെന്ന്, ആ ലക്ഷണങ്ങളെക്കുറിച്ചുള്ള ബാലപാഠങ്ങൾ അറിയുന്നവർ പോലും സമ്മതിച്ചുതരില്ല. പേരിൽ തന്നെ ദൈവസ്പർശമുള്ള തന്ത്രിമാർ ശ്രീകോവിലിൽ കാര്യക്കാരായി ചുമതലയേറ്റുകഴിഞ്ഞാൽ ഇത്തരം കാര്യങ്ങളിലെല്ലാം അതീവ ശ്രദ്ധാലുക്കളായിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. തന്ത്രിയുടെ കൈകളിലാണ് അല്ലെങ്കിലും ദൈവത്തിന്റെ ഭാവി. തന്ത്രി നന്നായാൽ ദൈവവും നന്നാവും. അല്ലെങ്കിൽ തിരിച്ചും.
അങ്ങനെയിരിക്കെയാണ്, തിരുവനന്തപുരത്ത് പാളയത്തെ ഓ.ടി.സി ഹനുമാൻ ക്ഷേത്രത്തിന് തൊട്ടടുത്തായുള്ള ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ശ്രീരാമകൃഷ്ണൻസ്പീക്കർ കാര്യക്കാരനായി ചുമതലയേൽക്കുന്നത്. ഐശ്വര്യക്കേടിന്റെ എല്ലാ ലക്ഷണങ്ങളും പേറി നിൽക്കുകയായിരുന്നു ശ്രീകോവിൽ അന്നേരം. ഇതിന് മുന്നിൽ ഇതികർത്തവ്യതാമൂഢനായി നിൽക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. തോൽക്കാൻ മനസ്സില്ലാത്ത പ്രകൃതക്കാരനാണ് അദ്ദേഹം. (നേരത്തേ കാര്യക്കാരനായി ചുമതലയേൽക്കാനുള്ള പരിശീലനക്കളരിയിൽ പരിശീലനത്തിൽ മുഴുകി നിൽക്കെ, ശ്രീകോവിൽനടയിലെ ചപ്രമഞ്ചമെടുത്ത് ഭാരം അളന്നുനോക്കിയ പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു, ജയരാജനണ്ണൈ അതിന് ശേഷമാണ് അതെടുത്ത് അമ്മാനമാടുകയും എടുത്തുമറിച്ചിടുകയും ചെയ്തത്!) ചില അടിയന്തര പരിഹാരക്രിയകൾ അനിവാര്യമായിരുന്നു.
മുൻപിൻ നോക്കാതെ അത്തരം പരിഹാരക്രിയകളിലേക്ക് സ്പീക്കർ വ്യാപൃതനാവുകയുണ്ടായി. ആദ്യപടിയായി ലോക കേരള സഭ എന്ന മഹാകുംഭാഭിഷേകം നടത്തുകയായിരുന്നു. അതൊരു ചില്ലറ ഏർപ്പാടല്ല. ഒരുപാട് ധനവ്യയം വേണ്ടിവരുന്ന സംഗതിയാണ്. ലോകകേരള സഭാ മേളയുടെ ഭാഗമായി താംബൂലപ്രശ്നം നോക്കിയപ്പോൾ ശ്രീകോവിലിലേക്ക് കയറുന്ന പാടേ കാണാവുന്ന മെമ്പേഴ്സ് ലോഞ്ചിൽ ചില്ലറ പന്തികേടുകളൊക്കെ കണ്ടെത്തുകയുണ്ടായി. അത് അപ്പാടെ പൊളിച്ചുപണിയണമെന്നായിരുന്നു പ്രശ്നവശാൽ കണ്ടെത്തിയ ഒന്നാമത്തെ പരിഹാരക്രിയ.
അങ്ങനെയാണ് ചില്ലറ കോടികൾ മുടക്കി അത് പുതുക്കി നിർമ്മിക്കാൻ സ്പീക്കർ തയാറായത്. അതിലെന്താണ് കുറ്റം എന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. മുടക്കാനുള്ളതാണ് കോടികൾ. അല്ലാതെ അടുക്കി വയ്ക്കാനുള്ളതല്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് ഐശ്വര്യം മണിമണി പോലെ കടന്നുവന്ന് തുടങ്ങിയത് ആ മെമ്പേഴ്സ് ലോഞ്ച് പുതുക്കി പണിഞ്ഞതിന് ശേഷമായിരുന്നു.
താംബൂലപ്രശ്നത്തിൽ തെളിഞ്ഞുകണ്ട മറ്റൊരു പരിഹാരക്രിയയായിരുന്നു ജനാധിപത്യത്തിന്റെ ഉത്സവം സംഘടിപ്പിക്കൽ. അതായത്, ഫെസ്റ്റിവൽ ഒൺ ഡമോക്രസി. പ്രതിപക്ഷനേതാവ് ചെന്നിത്തല ഗാന്ധിക്ക് അത് ഫെസ്റ്റിവൽ ഒൺ ഡമോക്രസി ആണെന്ന് പോലുമറിയില്ല. ചെന്നിത്തലഗാന്ധി അതുകൊണ്ടാണ് ഫെസ്റ്റിവൽ ഒഫ് ഡമോക്രസി എന്ന് പറഞ്ഞ് നടക്കുന്നത്. അറിവില്ലാ പൈതങ്ങളോട് ദൈവം ക്ഷമിക്കുമെന്നതിനാൽ ചെന്നിത്തല ഗാന്ധിയോടും ദൈവം പൊറുക്കുമെന്ന് സമാധാനിക്കാം.
പക്ഷേ, നാട്ടിലും ജനാധിപത്യത്തിന്റെ ശ്രീകോവിലിലും ഐശ്വര്യം വിളയാടുന്നതിൽ ചെന്നിത്തല ഗാന്ധി അസൂയ്യപ്പെടുന്നത് എന്തിനാണ്! ഇനി നാളപ്പിറ്റന്നാൾ അദ്ദേഹത്തിന്റെ കാര്യക്കാരനാരെങ്കിലും ഇവിടെ തന്ത്രിയായെത്തുമ്പോൾ ഇതിലും വലിയ പരിഹാരക്രിയകളിലേർപ്പെടാമല്ലോ. ഐശ്വര്യത്തെ പുറംകാൽ കൊണ്ട് തട്ടിക്കളയുന്നത് അശ്രീകരമാണ്. ഐശ്വര്യം കൊണ്ടുവരുന്ന തന്ത്രിമാരുടെ നടപടികളെ ധൂർത്തായും അഴിമതിയായുമൊക്കെ വ്യാഖ്യാനിക്കുന്നവരെ ദൈവം നരകത്തിലെത്തിച്ച് തിളച്ച എണ്ണയ്ക്ക് മുകളിൽ കെട്ടിയ നൂലിന്മേൽ നടത്തിക്കും. ചെന്നിത്തല ഗാന്ധി ഇത് തിരിച്ചറിയുന്നത് നന്നാകും. ഈ സാഹചര്യത്തിൽ നിയമപ്രകാരമുള്ള മുന്നറിയിപ്പ് പടച്ചവന്റെ നാമത്തിൽ നൽകാനാഗ്രഹിക്കുന്നു: "സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയിൽ നിന്ന് നിങ്ങൾ കാത്തുരക്ഷിക്കുക..."
.............................
- ജനാധിപത്യത്തിന്റെ ശ്രീകോവിൽ സർവ്വ ഐശ്വര്യങ്ങളും കെട്ട് നിറം മങ്ങി ഒന്നിനും കൊള്ളാതെ, കാക്കകളും പ്രാവുകളും രാപാർക്കുന്ന ഇടങ്ങളായി മാറുന്നത്, ജനാധിപത്യത്തെ ഉത്സവമായി കൊണ്ടാടാറുള്ള ന.മോ.ജിക്ക് ഒട്ടും സഹിക്കാനാവുന്ന ഒന്നല്ല. എല്ലാ അഭിപ്രായവ്യത്യാസങ്ങൾക്കും അവയുടേതായ ഇടങ്ങൾ അനുവദിച്ചുകൊടുക്കുന്ന മാന്യദേഹമായതിനാൽ പ്രത്യേകിച്ചും. അന്നം തരുന്നവരായാലും കർഷകരുടെ അഭിപ്രായത്തിന് തെരുവിൽ ഇടം അനുവദിച്ച് കൊടുത്തത് പോലും അതുകൊണ്ടായിരുന്നു.
കർഷകർ തെരുവിൽ കിടന്ന് ഗ്വാ, ഗ്വാ വിളിക്കുന്നതും ഒരു ഐശ്വര്യക്കേടാണ്. പാർലമെന്റ് പാസ്സാക്കിയ കാർഷികനിയമങ്ങൾ കുറച്ചുകഴിഞ്ഞാൽ അദാനി- അംബാനിമാരുടെ നിയമമായി മാറുമെന്നും ഇതിനെ കോടതിയിൽ പോലും ചോദ്യം ചെയ്യാനാവില്ലെന്നും കർഷകർ പറയുന്നുണ്ട്. ചോദ്യം ചെയ്യാനാവാത്ത നിയമം നിയമവിരുദ്ധമാകുന്നത് കർഷകർക്കും മറ്റുമാണ്. ന.മോ.ജിക്കോ അമിത് ഷാജിക്കോ നിയമവിരുദ്ധത എന്ന വാക്ക് പോലും നിഘണ്ടുവിലില്ലാത്തതാണ്.
ജനാധിപത്യം ന.മോ.ജിയുടെ കൈവെള്ളയിൽ ഭദ്രമാണ്. അതെത്രയെടുത്ത് ആളുകൾക്ക് വീതിച്ചുകൊടുത്താലും ആദ്യമുള്ളത് പോലെ തന്നെ ആ കൈവെള്ളയിൽ ഭദ്രമായി നിൽക്കും. 'പൂർണസ്യ, പൂർണമാദായ, പൂർണമേവാവശിഷ്യതേ...' എന്ന് ഈശാവാസ്യോപനിഷത്തിൽ പറഞ്ഞത് പോലും ന.മോ.ജിയുടെ കൈവെള്ളയിലെ ജനാധിപത്യത്തെ ഉദ്ദേശിച്ചായിരുന്നുവെന്ന് മുരളീധർജിയും മറ്റും കരുതാറുണ്ട്.
അതവിടെ നിൽക്കട്ടെ. ഐശ്വര്യം കെട്ട അവസ്ഥയിൽ ശ്രീകോവിൽ കിടക്കുന്നത് ഒട്ടും നല്ലതല്ലെന്നാണ് നമ്മൾ പറഞ്ഞുവന്നത്. ഒരു കണക്കിന് ചിന്തിച്ചാൽ ഈ തെരുവിൽ കിടന്ന് കർഷകർ ഗ്വാ, ഗ്വാ വിളിക്കുന്നത് പോലും ശ്രീകോവിലിന്റെ ലക്ഷണക്കേടിൽ പെടുത്താവുന്നതാണ്. അതുകൊണ്ടാണ് ഐശ്വര്യം വിളയാടിക്കോട്ടെയെന്ന് കരുതി ന.മോ.ജി 917 കോടിയിട്ട് ഇന്ദ്രപ്രസ്ഥത്തിൽ പുതിയ ശ്രീകോവിൽ പണിയാമെന്ന് വച്ചത്. കൊറോണ വൈറസ് വരും, പോവും. എന്നുവച്ച് ശ്രീകോവിലിന്റെ ഐശ്വര്യത്തിന് ഒരു കോട്ടം തട്ടരുതല്ലോ!
ഇ-മെയിൽ: dronar.keralakaumudi@gmail.com