pol

കല്ലറ: അനുഭവം സാക്ഷിയായാൽ പാങ്ങോട് പുതിയൊരു കഥ പറയും. കെട്ടുറപ്പിന്റെ കഥ. ഇല്ലെങ്കിൽ അനുഭവങ്ങൾ പാളിച്ചകളാവും. തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നതും അതിനാണ്. തൂക്കു പാലത്തിൽ ഉൗഞ്ഞാലാടണോ ഉറപ്പുള്ള ഭരണം വേണമോ എന്നതാണ് പാങ്ങോട് കാത്തിരിക്കുന്നത്. ആർക്കും ഭൂരിപക്ഷമില്ലാതെ പോയ കഴിഞ്ഞ ഭരണസമിതിയിലെ അനുഭവം വോട്ടർമാരുടെ മനസിനെ കുലുക്കിയിട്ടുണ്ടെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കും. അത് ആർക്ക് ഗുണം ചെയ്യും. വിജയം അവകാശപ്പെട്ട് മുന്നണികൾ നിലയുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ 19 സീറ്റിൽ എൽ.ഡി.എഫിന് ആറും യു.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് നാലും എസ്.ഡി.പി.ഐക്ക് മൂന്നും വെൽഫെയർ പാർട്ടിക്ക് ഒരു സീറ്റും ആണ് ലഭിച്ചത്.

വെൽഫെയർ പാർട്ടി എൽ.ഡി.എഫിനൊപ്പം നിന്നപ്പോൾ എസ്.ഡി.പി.ഐ യു.ഡി.എഫിനൊപ്പം നിന്നു. അങ്ങനെ പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനായി. വൈസ് പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിനുമായി. യു.ഡി.എഫ്- എൽ.ഡി.എഫ് എന്ന വിചിത്ര ഭരണമായി. ഒരു വർഷം കഴിഞ്ഞപ്പോൾ വെൽഫെയർ പാർട്ടി എൽ.ഡി.എഫിന്റെ പിന്തുണ പിൻവലിച്ചു. എൽ.ഡി.എഫിന് വൈസ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനായി. അങ്ങനെ മാറിയും തിരിഞ്ഞും നിന്ന ഭരണമാണ് പാങ്ങോട് കണ്ടത്. ഇത്തവണ പോളിംഗ് ശതമാനം കുത്തനെ കൂട്ടിയത് എല്ലാ കക്ഷികൾക്കും പ്രതീക്ഷയും ഒപ്പം ആശങ്കയുമായി. 11 സീറ്റിലെങ്കിലും വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കോൺഗ്രസ് അവകാശപ്പെടുമ്പോൾ നേടുന്ന സീറ്റുകളുടെ എണ്ണം എൽ.ഡി.എഫ് വെളിപ്പെടുത്തുന്നില്ല. കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ നേടുമെന്ന ശുഭാപ്തിയിലാണ് ബി.ജെ.പിയും എസ്.ഡി.പി.ഐയും.