xxx

തിരുവനന്തപുരം:പ്രതീക്ഷയുടെ പുതുവെളിച്ചവുമായി ക്രിസ്മസ് രാവിനെ വരവേൽക്കാൻ നാടൊരുങ്ങി. വർണങ്ങൾ മിന്നിമറിയുന്ന നക്ഷത്രങ്ങളും ക്രിസ്മസ് അപ്പൂപ്പൻമാരും പുൽക്കൂടുകളും കൊതിയൂറുന്ന കേക്കുകളും വിപണി സ്വന്തമാക്കിക്കഴിഞ്ഞു. കൊവിഡ് സാഹചര്യത്തിൽ വിപണിയിൽ കാര്യമായ വെറൈറ്റികളും പ്രത്യേകതകളുമില്ലാത്ത ക്രിസ്മസാണ് ഇത്തവണ. നക്ഷത്രങ്ങളുടെ വിപണിയെ കൊവിഡ് കാര്യമായി ബാധിച്ചിട്ടില്ല. ഡിസംബർ തുടങ്ങുന്നതിന് മുമ്പ് തന്നെ ആവശ്യക്കാർ നക്ഷത്രം തേടിയെത്തിയിരുന്നു.10 രൂപയ്ക്ക് ലഭിക്കുന്ന കുഞ്ഞൻ നക്ഷത്രം മുതൽ 23 കാലുള്ള ഭീമൻമാർ വരെയുണ്ട് നക്ഷത്രങ്ങളുടെ കൂട്ടത്തിൽ. ബട്ടർപേപ്പർ ഉപയോഗിച്ചുള്ള നക്ഷത്രമാണ് ഇത്തവണ താരം. എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് 120 മുതൽ 3000 രൂപവരെയാണ് വില. രണ്ട് വ്യത്യസ്ത നിറങ്ങളിൽ പ്രകാശിക്കുന്നവയ്ക്കാണ് ഡിമാന്റെന്നും കച്ചവടക്കാർ പറയുന്നു. പേപ്പർ നക്ഷത്രങ്ങൾക്ക് 10 രൂപ മുതൽ 515 രൂപ വരെയാണ് വില. കടലാസ് നക്ഷത്രങ്ങൾ വേഗത്തിൽ നശിക്കുമെന്നതിനാൽ ആളുകൾക്കിപ്പോൾ എൽ.ഇ.ഡി നക്ഷത്രങ്ങളോടാണ് പ്രിയമെന്നാണ് കച്ചവടക്കാരുടെ സാക്ഷ്യം.

 സിനിമകൾ ഇറങ്ങിയില്ല, നക്ഷത്രങ്ങൾക്ക് പേരുമില്ല

സിനിമകളുടെ പേരിൽ ഓരോ വർഷവും നക്ഷത്രമിറങ്ങുന്നതായിരുന്നു ട്രെൻഡ്.ഇത്തവണ വിപണിയിലെത്തിയ നക്ഷത്രങ്ങൾക്കൊന്നും സിനിമാ പേരിന്റെ പകിട്ടില്ല. കഴിഞ്ഞവർഷം ഇറങ്ങിയ മാമാങ്കം നക്ഷത്രവും ബാഹുബലിയും ബിലാലും ഒക്കെത്തന്നെയാണ് ഇത്തവണയും വിൽപനയ്ക്ക് ഒരുങ്ങിയിരിക്കുന്നത്.കൊവിഡ് സാഹചര്യത്തിൽ പുതിയ സിനിമകളൊന്നും പുറത്തിറങ്ങാതിരുന്നതാണ് നക്ഷത്രങ്ങളെ പേരില്ലാത്തവരാക്കിയത്. പ്ലാസ്റ്റിക്കിന് വിലക്ക് നിലനിൽക്കുന്നതിനാൽ പ്ലാസ്റ്റിക് നക്ഷത്രങ്ങളെ കാണാനേയില്ല.

 കാലിത്തൊഴുത്തിൽ പിറന്നവനേ....

പുൽക്കൂടുകൾ വീടുകളിലുണ്ടാക്കാൻ എല്ലാവർക്കും മടിയായതിനാൽ ഇത്തവണയും റെഡിമെയ്ഡ് പുൽക്കൂട്ടുകൾക്ക് മാർക്കറ്റിൽ ഡിമാന്റുണ്ട്.

തടി,ചൂരൽ,പ്ലൈവുഡ്,തെർമോകോൾ തുടങ്ങിയവയിൽ നിർമിച്ച പുൽക്കൂടുകളാണ് വിപണിയിലുള്ളത്.1000 രൂപ മുതൽ 7000 രൂപ വരെയാണ് വില. വഴിയരികിൽ ലഭിക്കുന്ന പുൽക്കൂടുകൾക്ക് ഇതിലും അല്പംകൂടി വില കുറയും. മണ്ണിലും ഫൈബറിലും പ്ലാസ്റ്റർ ഒഫ് പാരീസിലുമായി പുൽക്കൂട്ടിലെ രൂപങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ചെറിയ സെറ്റുകൾക്ക് 400 രൂപ മുതൽ വില ആരംഭിക്കും. വലിപ്പവും രൂപങ്ങളുടെ എണ്ണവും കൂടുന്നതിനനുസരിച്ച് വിലയും ഉയരും. പുൽക്കൂട് നിർമിക്കുന്ന അലങ്കാര വസ്തുക്കളുടെ വലിയ ശേഖരവും നഗരത്തിലെ കടകളിലും മാർക്കറ്റുകളിലും ഒരുങ്ങിയിട്ടുണ്ട്. മെഴുകുതിരിയുടെ രൂപത്തിലുള്ള പ്ലാസ്റ്റിക് ലൈറ്റുകൾക്ക് 20 മുതൽ 50 രൂപ വരെയാണ് വില. ക്രിസ്‌മസ് പപ്പയുടെ വർണത്തിലുള്ള മാസ്‌കും ഇത്തവണയുണ്ട്.ഒരു വയസുള്ള കുട്ടിക്ക് ഇടാവുന്നതു മുതൽ വലിയവർക്ക് ധരിക്കാവുന്ന മാസ്‌ക്കുകൾക്ക് 200 രൂപ മുതലാണ് വില. പച്ച നിറത്തിലും വെള്ള നിറത്തിലുമുള്ള ട്രീകളാണ് ക്രിസ്മസ് ട്രീ വിപണിയിൽ അധികവും.പഞ്ഞിയിൽ തീർത്ത വെള്ള ട്രീകളാണ് ഇത്തവണത്തെ ആകർഷണം. തീരെ ചെറിയ ട്രീകൾക്ക് 50 രൂപ. ഇടത്തരം ട്രീകൾക്ക് 600 രൂപ മുതൽ വിലയാരംഭിക്കും. 10 അടി വരെയുള്ള ട്രീകൾ വിപണിയിലിറങ്ങിയിട്ടുണ്ട്.

 കേക്കുകൾ 'ഹോം മെയ്ഡ്'

'ഹോം മെയ്ഡ്' കേക്കുകളുടെ സുവർണകാലമാണ് ഇത്തവണത്തെ ക്രിസ്മസ്.വിവിധയിനം കേക്കുകളുമായി ബേക്കറികൾക്കൊപ്പം മത്സരിക്കാൻ ഈ ക്രിസ്മസിന് വീട്ടമ്മമാരുമുണ്ട്. ലോക്ക് ഡൗൺ കാലത്ത് പഠിച്ചെടുത്ത കേക്ക് നിർമാണം നിരവധിപേർ വരുമാനമാർഗമാക്കിക്കഴിഞ്ഞു.പല വീടുകളിലും പ്ലം കേക്ക് നിർമ്മാണത്തിനുള്ള രുചിക്കൂട്ടുകൾ തയ്യാറായിട്ടുണ്ട്.ഏത് കേക്കാണ് ആവശ്യമെന്നറിയിച്ചാൽ വിപണിയെക്കാൾ വിലക്കുറവിൽ സാധനം വീട്ടിലെത്തും. സോഷ്യൽ മീഡിയ വഴിയാണ് വില്പന. ബേക്കറികൾക്ക് കടുത്ത വെല്ലുവിളിയാകും ഹോം മെയ്ഡ് കേക്കുകൾ സൃഷ്ടിക്കുക. മുട്ട ഉപയോഗിക്കാത്ത വെജിറ്റേറിയൻ കേക്കുകളും വിപണിയിലുണ്ട്.

 കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ കൂടുതൽ വെറൈറ്റി വസ്തുക്കൾ കൊണ്ടുവന്നിട്ടില്ല. കൊറോണ നക്ഷത്രമൊക്കെ ഇറങ്ങിയിട്ടുണ്ടെങ്കിലും കടയിലെത്തിച്ചിട്ടില്ല.

- ഷെരീഫ്, കച്ചവടക്കാരൻ