editorial-

സംസ്ഥാനത്ത് കൊവിഡ് വ്യാപനം വെല്ലുവിളിയായി തുടരുകയാണെന്നതിന്റെ തെളിവാണ് വിവിധ ജില്ലകളിൽ നിന്നു നിത്യേന വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ. ആരാധനാലയങ്ങൾ നിയന്ത്രണങ്ങൾക്കു വിധേയമായിട്ടാണെങ്കിൽ പോലും തുറന്നതും വ്യാപാരസ്ഥാപനങ്ങളിൽ തിരക്ക് കൂടിയതും രോഗവ്യാപനത്തിനു കാരണമായിട്ടുണ്ടാകാം. ജനങ്ങളെ ഒന്നടങ്കം പുറത്തെത്തിച്ച തദ്ദേശ തിരഞ്ഞെടുപ്പ് എത്രമാത്രം രോഗവ്യാപനം സൃഷ്ടിച്ചിട്ടുണ്ടെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. അപകടം മുൻകൂട്ടി കണ്ട് വേണ്ടത്ര തയ്യാറെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കാര്യമായി കുറഞ്ഞുകൊണ്ടിരിക്കുമ്പോഴും കേരളത്തിൽ വലിയ മാറ്റങ്ങൾ കാണുന്നില്ല. രോഗം പിടിപെടുന്നവരുടെ സംഖ്യ വലിയ ഏറ്റക്കുറച്ചിലില്ലാതെ തുടരുകയാണ്. പ്രതിദിന പരിശോധന വർദ്ധിപ്പിച്ചാൽ കൂടുതൽ രോഗികളുണ്ടാകുമെന്നതും തീർച്ചയാണ്. കൊവിഡിനോടുള്ള ജനങ്ങളുടെ സമീപനത്തിലുണ്ടായ മാറ്റവും രോഗവ്യാപന നിരക്ക് കുറയാതിരിക്കാൻ ഒരു കാരണമാണ്. പൊതുസ്ഥലങ്ങളിലെ തിക്കും തിരക്കും കാണുമ്പോൾ ആർക്കും ഭയം തോന്നും. ജാഗ്രതയും കരുതലും പാടേ ഉപേക്ഷിച്ച മട്ടിലാണ് പെരുമാറ്റം.

പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം ജീവനക്കാർക്ക് കൊവിഡ് പിടിപെട്ടതിനെത്തുടർന്ന് ഇന്നലെ മുതൽ ദർശനം വിലക്കിയിരിക്കുകയാണ്. ഒരാഴ്ചയേ ആയുള്ളൂ ഭക്തർക്ക് അകത്ത് പ്രവേശനം നൽകിയിട്ട്. അതിനിടയിൽ ഇരുപത്തിരണ്ടു ജീവനക്കാർക്ക് രോഗം പിടിപെട്ടു. ദർശനത്തിനെത്തിയ ഭക്തജനങ്ങളിൽ എത്രപേർ രോഗവുമായി മടങ്ങിയിട്ടുണ്ടെന്നു നിശ്ചയമില്ല. സ്ഥിതിഗതികൾ ഇനിയും സാധാരണ നിലയിലെത്തിയിട്ടില്ലെന്നാണ് ഇതിൽ നിന്നു മനസിലാക്കേണ്ടത്. അതുപോലെ ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം പ്രതിദിനം രണ്ടായിരമായി വർദ്ധിപ്പിക്കണമെന്ന് ദേവസ്വം ബോർഡ് മുറവിളി ഉയർത്തുമ്പോഴാണ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിൽ അറുപതിലധികം പേർക്ക് കൊവിഡ് ബാധിച്ചുവെന്ന വിവരം എത്തുന്നത്. ദേവസ്വം ജീവനക്കാരിലും രണ്ടു ഡസനിലേറെപ്പേർ രോഗബാധിതരായി മടങ്ങേണ്ടിവന്നു. കൂടുതൽ ഭക്തർ എത്തുന്നത് വരുമാനം കൂട്ടുമെങ്കിലും രോഗാവസ്ഥ പരിഗണിച്ചാൽ സ്ഥിതി അപകടകരമാകുമെന്ന് അറിയേണ്ടതാണ്. വരുമാനമല്ല, രോഗപ്പകർച്ച തടയുന്നതിനാകണം പ്രഥമ പരിഗണന നൽകേണ്ടത്.

ക്രിസ്‌മസ് - നവവത്സര ആഘോഷങ്ങളുടെ ദിവസങ്ങളാണ് വരാൻ പോകുന്നത്. ഓണക്കാലത്തു കണ്ടതുപോലുള്ള തിക്കും തിരക്കും ഒരിക്കൽക്കൂടി ഉണ്ടായിക്കൂടെന്നില്ല. നിയന്ത്രണങ്ങൾ കടുപ്പിച്ചില്ലെങ്കിൽ രോഗവ്യാപനം നിയന്ത്രണാതീതമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ആദായ വില്പനയുടെ കാലം കൂടിയാണിത്. കൊവിഡിനെ മറന്നുകൊണ്ടുള്ള കൂട്ടം ചേരലും ഷോപ്പിംഗുമൊക്കെ മഹാമാരിയെ ക്ഷണിച്ചുവരുത്തുന്നതിനു സമമാണെന്ന് ഓർമ്മ വേണം. ആദായ വില്പന എന്നുകേട്ട് ജനം ഇടിച്ചുകയറിയതിനെത്തുടർന്ന് തലസ്ഥാനത്തെ ഒരു സൂപ്പർ മാർക്കറ്റ് കഴിഞ്ഞ ദിവസം അധികൃതർ ഇടപെട്ട് അടപ്പിക്കേണ്ടിവന്നു. കടകളിലും മാളുകളിലും മറ്റും തിരക്ക് ഒഴിവാക്കേണ്ടത് കടക്കാരുടെ കടമയാണ്. കൃത്യമായി അതു പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട അധികൃതരുടെ ഉത്തരവാദിത്വമാണ്. മഹാമാരി വിട്ടുപോയിട്ടില്ലെന്നും ഒപ്പം തന്നെയുണ്ടെന്നുമുള്ള യാഥാർത്ഥ്യം ഏവരും ഓർക്കണം. രോഗഭീഷണി പൂർണമായും ഒഴിയുന്നതുവരെ സർക്കാരിന്റെ മാർഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കാൻ ജനങ്ങൾ ബാദ്ധ്യസ്ഥരാണ്. തങ്ങൾക്കും സമൂഹത്തിനും വേണ്ടിയാണ് ഇതൊക്കെയെന്നു മനസിലാക്കാനുള്ള വിവേകബുദ്ധി എല്ലാവർക്കും ഉണ്ടാകണം. ഗാർഹിക ചടങ്ങുകൾക്ക് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ആദ്യ നാളുകളിൽ കൃത്യമായി പാലിക്കപ്പെട്ടിരുന്നുവെങ്കിലും ഇപ്പോൾ അതൊന്നും കാണാനില്ല. ഭവിഷ്യത്ത് അറിയാതെയാണ് നിയന്ത്രണങ്ങൾ നിസാരമായി കണ്ട് ആളുകൾ ഈ വക കാര്യങ്ങളിൽ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കു മുതിരുന്നത്. ഇതൊന്നും അനുവദിച്ചുകൂടാത്തതാണ്. സമൂഹത്തിന്റെ മൊത്തം താത്‌പര്യം മുൻനിറുത്തി ജനങ്ങൾ സ്വയം തീരുമാനമെടുക്കേണ്ട വിഷയമാണിതൊക്കെ.

സംസ്ഥാനത്ത് കോളേജുകളും പത്തും പന്ത്രണ്ടും ക്ളാസുകളും പടിപടിയായി തുറക്കാൻ ആലോചന നടക്കുകയാണ്. സ്കൂൾ തുറക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യാൻ ഈ മാസം 17ന് മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള എൻജിനിയറിംഗ് കോളേജുകളിൽ ഈ മാസം ഒടുവിൽ ക്ളാസുകൾ ആരംഭിക്കുകയാണ്. അദ്ധ്യയനവർഷം പാടെ മുടങ്ങുന്നത് ഒഴിവാക്കാനുള്ള ശ്രമമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. കൊവിഡ് വ്യാപനം ഈ നിലയിൽ തുടരുന്നതാണ് എല്ലാറ്റിനും തടസം. പൊതു പരീക്ഷകൾ ഒഴിവാക്കാനാകില്ലെന്നതിനാൽ യുക്തമായ നടപടികൾ സ്വീകരിച്ചേ മതിയാവൂ. അല്പം വൈകിയാലും പരീക്ഷകളും ഫലപ്രഖ്യാപനവും നടന്നേ തീരൂ.

കൊവിഡിന്റെ ആദ്യനാളുകളിലെന്നപോലെ കർക്കശമായ നിയന്ത്രണങ്ങളിലേക്കുള്ള ഒരു തിരിച്ചുപോക്ക് അനിവാര്യമാക്കും വിധത്തിലാണ് സ്ഥിതിഗതികൾ. പൊതു ഇടങ്ങളിലെ കൂട്ടം ചേരൽ കർക്കശമായി നിയന്ത്രിക്കുകതന്നെ വേണം. എന്തിന്റെ പേരിലായാലും അണിചേരലും പ്രതിഷേധ പ്രകടനങ്ങളും സമരമുറകളും കുറച്ചുനാൾകൂടി നിയന്ത്രിക്കപ്പെടണം. കടകളിലും ചന്തകളിലും മറ്റു വ്യാപാരകേന്ദ്രങ്ങളിലും ശാരീരികമായ അകലം പാലിക്കുന്നുണ്ടെന്ന് കൃത്യമായും ഉറപ്പാക്കണം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നു വന്നാൽ അനുസരിക്കാൻ ഏവരും തയ്യാറാകും. കൊവിഡ് വാക്സിൻ എത്തുന്നതുവരെ ഇപ്പോഴത്തെ നിയന്ത്രണങ്ങളും ജാഗ്രതയും ഒട്ടും കുറയാതെ തുടരുകതന്നെ വേണം. കൊവിഡ് കാലത്ത് ജീവിതക്രമത്തിൽ വന്ന മാറ്റങ്ങൾ സ്ഥിതി സാധാരണ നിലയിലാകുംവരെ നിലനിറുത്തേണ്ടതുണ്ട്. ഇടയ്ക്കിടെ നിയന്ത്രണങ്ങളിൽ വന്ന ഇളവുകളാണ് രോഗവ്യാപനം കുറയാതിരിക്കാൻ കാരണം. പ്രതിരോധ വാക്സിൻ സാർവത്രികമാകുന്നതുവരെ ജാഗ്രതയും കരുതലും പാലിക്കുന്നതിൽ ഒരു ഉപേക്ഷയും പാടില്ല.