1

നെയ്യാറ്റിൻകര: കോടതിനട-രാമേശ്വരം റോഡിലൂടെ ഭാരംകയറ്റിയ വാഹനങ്ങളുടെ സഞ്ചാരം നിർബാധം തുടരുന്നത് റോഡിനെ തകർച്ചയുടെ വക്കിലാക്കുന്നു. പാലക്കടവ് ചെക്ക് പോസ്റ്റിലെ ബാരിക്കേഡ് സദാസമയവും ഉയർത്തിയിടുന്നതാണ് ഇത്തരം വാഹനങ്ങളുടെ സഞ്ചാരത്തിന് സഹായകരമാകുന്നത്.

വലിയ വാഹനങ്ങളുടെ സഞ്ചാരം തടഞ്ഞുകൊണ്ട് പി.ഡബ്യു.ഡി സ്ഥാപിച്ചിരുന്ന ബോർഡ് ഇളക്കിമാറ്റാനും ഇതിനിടെ ശ്രമം നടന്നു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണ് ഇതിന് പിന്നിൽ.

കൈയിൽ ബ്ളേഡുമായി ചുറ്റിക്കറങ്ങിയ ഇവരെ അയൽവാസിയാണ് കണ്ടത്. ഇവരെ തടയാൻ ശ്രമിച്ചെങ്കിലും ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഭാരംകയറ്റിയ വാഹനങ്ങളുമായി റോഡിലൂടെ പോകുന്ന സംഘത്തിൽപ്പെട്ടവരാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. 10 വർഷങ്ങൾക്കുമുമ്പാണ് കോടതിനട രാമേശ്വരം റോഡിലൂടെയുളള ഭാരംകയറ്റിയ വാഹനങ്ങളുടെ ഗതാഗതം ലോകായുക്ത കോടതി നിരോധിച്ചത്. എന്നാൽ പരിശോധനകൾ കുറഞ്ഞതോടെ ഇത്തരം വാഹനങ്ങളുടെ സഞ്ചാരത്തിന് യാതൊരു നിയന്ത്രണവും ഇല്ലാതായിരിക്കുകയാണ്. പ്രശ്നത്തിന് പരിഹാരംകാണാൻ പാലക്കടവ് ചെക്ക്പോസ്റ്റിൽ പൊലീസുകാരെ നിയോഗിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

റോഡ് തവിടുപൊടി

അമിതഭാരം കയറ്രിയ വാഹനങ്ങൾ കടന്നുപോകുന്നതിനാൽ കോടതിനടമുതൽ അമരവിള റെയിൽവേ ക്രോസ് ജംഗ്ഷൻ വരെയുള റോഡിന്റെ പല ഭാഗവും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.

വയലേലകൾ നിറഞ്ഞ പ്രദേശത്തുകൂടെയാണ് കോടതിനട-രാമേശ്വരം- അമരവിള റോഡ് കടന്നു പോകുന്നത്. അതിനാൽ ഭാരം കയറ്റിയ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ പ്രതലം താഴ്ന്ന് ടാറിംഗ് ഇളകുകയാണ്. കീഴേതെരുവ് മുത്താരമ്മൻ കോവിൽനട, രാമേശ്വരം ഗുരുസ്വാമി കോവിൽ ജംഗ്ഷൻ, അമരവിള റെയിൽവേക്രോസ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് റോഡ് കൂടുതലായി തകർന്നിട്ടുള്ളത്.