തിരുവനന്തപുരം:വോട്ടെടുപ്പ് കഴിഞ്ഞതോടെ ജില്ലയുടെ മുക്കിലും മൂലയിലും വരെ നിറഞ്ഞ പ്രചാരണ സാമഗ്രികൾ രാഷ്ട്രീയ പാർട്ടികൾ നീക്കം ചെയ്തുതുടങ്ങി. നഗരത്തിൽ പകുതിയിലധികം പ്രചാരണ സാമഗ്രികളും അതത് സ്ഥാനാർത്ഥികളുടെയും മുന്നണിയുടെയും നേതൃത്വത്തിൽ മാറ്റിക്കഴിഞ്ഞു. കവലകളിലും മതിലുകളിലും വൃക്ഷങ്ങളിലും നിറചിരിയുമായി നിരന്ന സ്ഥാനാർത്ഥി ചിത്രങ്ങൾ പാർട്ടി ഓഫീസുകളിലേക്കും സ്ഥാനാർത്ഥികളുടെ വീടിന്റെ പിന്നാമ്പുറത്തേക്കും ഇടംമാറിത്തുടങ്ങി. എങ്കിലും ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പ് പോലെ ചില സ്ഥലങ്ങളെങ്കിലും ഇപ്പോഴും അവശേഷിക്കുന്നുണ്ട്. മെയിൻ റോഡുകളിലെ ബാനറുകളും വലിയ ഫ്ലക്സുകളും അഴിച്ചുമാറ്റിയെങ്കിലും ഇടറോഡുകളിലെ മരങ്ങളിലും മതിലുകളിലുമൊട്ടിച്ച പോസ്റ്ററുകൾ നീക്കം ചെയ്തിട്ടില്ല.ജില്ലയുടെ റൂറൽ പ്രദേശത്തും നീക്കംചെയ്യാത്ത നിരവധി പോസ്റ്ററുകളും ബാനറുകളും ഇപ്പോഴുമുണ്ട്. പ്രചാരണ സാമഗ്രികൾ അതത് സ്ഥാനാർത്ഥികളുടെ നേതൃത്വത്തിൽ നീക്കം ചെയ്യണമെന്ന് തലസ്ഥാന നഗരസഭ നിർദ്ദേശിച്ചിരുന്നു. ആരും മുന്നോട്ടുവന്നില്ലെങ്കിൽ നഗരസഭയുടെ തൊഴിലാളികളെ ഉപയോഗിച്ച് എല്ലാം അഴിച്ചുമാറ്റും. ഇതിന്റെ ചെലവ് സ്ഥാനാർത്ഥികളിൽ നിന്ന് തന്നെ ഈടാക്കാനുമാണ് ഉദ്ദേശിക്കുന്നത്. വോട്ടെടുപ്പിന് പിന്നാലെ തിരുവനന്തപുരം വികസന മുന്നേറ്റത്തിന്റെ സ്ഥാനാർത്ഥികൾ അവരുടെ പരസ്യങ്ങൾ നീക്കംചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരിസ്ഥിതി സൗഹൃദവും മണ്ണിൽ അലിഞ്ഞ് ചേരുന്നതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് ചട്ടം. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ,പി.വി.സി തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചുള്ള വസ്തുക്കളൊന്നും പാടില്ലെന്നും നിർദേശമുണ്ടായിരുന്നു. ഇത് ഭൂരിഭാഗം സ്ഥാനാർത്ഥികളും പാലിച്ചു.ചട്ടം ലംഘിച്ചവരുടെ പ്രചാരണ സാമഗ്രികൾ ജില്ലാ ഭരണകൂടം നീക്കിയിരുന്നു.