car

വെഞ്ഞാറമൂട്: ശക്തമായ കാറ്റിൽ മരത്തിന്റെ ശിഖരം വീണ് നിറുത്തിയിട്ടിരുന്ന കാർ തകർന്നു. ആളപായമില്ല. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അരുണിന്റെ മാരുതി ഓൾട്ടോ കാറാണ് തകർന്നത്. വെളളിയാഴ്ച രാത്രി പത്തു മണിയോടെ കളമച്ചലിലാണ് സംഭവം. രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്നതിനാൽ സ്ഥലത്ത് ഡ്യൂട്ടിയ്ക്കായി എത്തിയതായിരുന്നു അദ്ദേഹം. കാർ കളമച്ചൽ മാർക്കറ്റിന് സമീപം പാർക്ക് ചെയ്തിരിക്കുകയായിരുന്നു.രാത്രിയോടെ സമീപത്തുണ്ടായിരുന്ന കൂറ്റൻ പ്ലാവിന്റെ ശിഖരം കാറിന് മുകളിൽ പൊട്ടിവീണായിരുന്നു അപകടം. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടി മാറിയതിനാൽ ദുരന്തം ഒഴിവായി. കാർ ഭാഗികമായും തകർന്നു. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ വെഞ്ഞാറമൂട് അഗ്നി രക്ഷാസേന ശിഖരം മുറിച്ചുമാറ്റി കാർ പുറത്തെടുത്തു. അസി. സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ അനീഷ് രാജ്, ശ്യംകുമാർ , അരുൺ എസ്.കുറുപ്പ്, സതീശൻ, സനൽകുമാർ എന്നിവരടങ്ങുന്നസംഘമാണ് മരം മുറിച്ചു നീക്കി വാഹനം പുറത്തെടുത്തത്.