
വർക്കല: വർക്കല താലൂക്കിലെ വിവധ ഭാഗങ്ങളിൽ ഫയർഹൈ ഡ്രെൻഡ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിട്ട് നാളുകളായി. സർക്കാർ തലത്തിൽ ഉടൻതന്നെ ഇത് സ്ഥാപിക്കണമെന്നാണ് ആവശ്യം. 2015 ജനുവരിയിൽ പാപനാശം ക്ലിഫിൽ ഉണ്ടായ തീപിടിത്തത്തോടെയാണ് ഇങ്ങനൊരാവിശ്യം ഉയർന്നത്. അന്ന് തീപിടിത്തമുണ്ടായ സ്ഥലത്ത് ഫയർ എൻജിൻ എത്താൻ വഴിയില്ലാത്തതിനാൽ തീ അണയ്ക്കാനും രക്ഷാ പ്രവർത്തനത്തിനും അസൗകര്യം നേരിട്ടിരുന്നു. കൃത്യസമയത്ത് തീ അണയ്ക്കാൻ കഴിയാത്തതിനാൽ കോടികളുടെ നഷ്ടമാണ് അന്ന് ഉടമകൾക്ക് ഉണ്ടായത്. മൂന്ന് പ്രാവശ്യം ഇത്തരത്തിൽ വൻ തീപിടത്തമാണ് പാപനാശത്ത് നടന്നത്. അപ്പോഴെല്ലാം ഫയർഫോഴ്സ് നേരിട്ട ബുദ്ധിമുട്ടുകൾ ചില്ലറയൊന്നുമില്ല. തീർത്ഥാടന- ടൂറിസം എന്നിവയുടെ പ്രധാന കേന്ദ്രം കൂടിയാണ് വർക്കല. പാപനാഷം മേഖലയിൽ ചെറുതും വലുതുമായ 400 ഓളം റിസോർട്ടുകളും കച്ചവട സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. സീസൺ സമയങ്ങളിലെല്ലാം ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തന സജ്ജവുമാണ്. ഇവിടെയെല്ലാം എത്താനുള്ളത് വീതി കുറഞ്ഞ ഇടനാഴിമാത്രമാണ്. ഒരു റിസോർട്ടിലോട്ടും വാഹനങ്ങൾ എത്താറില്ല. ഇനിയും ഒരു തീപിടുത്തമുണ്ടായാൽ അതിനെ ചെറുത്തുനിൽക്കാൻ ഫയർ ഹൈ ഡ്രെൻഡ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് ആക്കം കൂട്ടുകയാണ്.
സഞ്ചാരികളെ ആകർഷിക്കാൻ പലതരത്തിലുള്ള ഷെഡ്ഡുകളാണ് നിർമ്മിച്ചിരിക്കുന്നത്. ഇവയാകട്ടെ തീ പിടിത്തത്തിന് ആക്കം കൂട്ടുന്നവയുമാണ്.
ഓല, മുള വൈക്കോൽ, കാർബോർഡ്, ഫ്ലൈവുഡ് എന്നിവ കൊണ്ടാണ് ഷെഡ്ഡുകളും റിസോർട്ടുകളും നിർമ്മിച്ചിരിക്കുന്നത്.
കോളനിക്കും വേണം സുരക്ഷ
കോളനികൾ കേന്ദ്രീകരിച്ചും ഇത്തരം സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. ജനുവരി മുതൽ ആരംഭിക്കുന്ന കടുത്ത വേനൽ കാലയളവിൽ തീ പിടിത്തങ്ങളുടെ ഗ്രാഫ് വർദ്ധിക്കാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞവർഷം ചെറുതും വലുതുമായ 300ഓളം തീ പിടിത്തങ്ങൾ വർക്കലയിൽ നടന്നിട്ടുണ്ട്. ജല അതോറിറ്റിയും നഗരസഭയും ഫയർഫോഴ്സും ജനപ്രതിനിധികളും സംയുക്തമായി ഇക്കാര്യത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നാണ് പൊതുജന ഭാഷ്യം.
ഫയർ ഹൈ ഡ്രെൻഡ്
വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ ഹോസ് ഘടിപ്പിച്ച് ഫയർഫോഴ്സിന് നേരിട്ട് വെള്ളം ശേഖരിക്കുവാനുള്ള സംവിധാനമാണ് ഫയർ ഹൈ ഡ്രെൻഡ്. അപകടസാധ്യതയുള്ള ഭാഗങ്ങളിൽ പൈപ്പിൽ ഹോസ് ഘടിപ്പിക്കാവുന്ന വാൽവുകൾ പ്രത്യേകം ക്രമീകരിക്കുകയാണ് രീതി. തീ പടരുന്നതിന് അടുത്തുള്ള ഭാഗത്തെ വാൽവിൽ ഹോസ് ഘടിപ്പിച്ച് ഇതുവഴി വെള്ളമെടുക്കാനാകും. പൈപ്പിൽ വെള്ളം ഇല്ലെങ്കിൽ വാട്ടർ അതോറിട്ടിക്ക് അറിയിപ്പ് നൽകി അടിയന്തരമായി വെള്ളമെത്തിക്കാനും കഴിയും. അടിയന്തരഘട്ടങ്ങളിൽ ഫയർ എൻജിൻ അപകട സ്ഥലത്ത് എത്താതെ തന്നെ തീ അണയ്ക്കാൻ സാധിക്കുകയും ചെയ്യും.