
തിരുവനന്തപുരം: സർക്കാർ പ്രൈമറി സ്കൂളുകളിൽ കുട്ടികൾ കൂടിയത് അദ്ധ്യാപക റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അനുഗ്രഹമായി. മിക്ക ജില്ലകളിലും പി.എസ്.സി എൽ.പി.സ്കൂൾ റാങ്ക് ലിസ്റ്റിലെ 95 ശതമാനം പേരെയും നിയമിച്ചുകഴിഞ്ഞു. ലിസ്റ്റിൽ ആളില്ലാതെ വരുന്നതിനെ തുടർന്ന് റാങ്ക് പട്ടിക റദ്ദാകുന്ന സാഹചര്യം ഒഴിവാക്കാൻ ആറ് ജില്ലകളിൽ നിയമന ശുപാർശ നിറുത്തിവച്ചിരിക്കുകയാണ്.
ഒരു വർഷംകൂടി കാലാവധിയുള്ള റാങ്ക് പട്ടികയിൽനിന്ന് 14 ജില്ലകളിലായി 5653 പേർക്ക് നിയമനശുപാർശ ലഭിച്ചു. കൊവിഡ് കാരണം സ്കൂൾ തുറക്കാത്തതിനാൽ പലർക്കും നിയമന ഉത്തരവ് ലഭിച്ചിട്ടില്ല. ചില ജില്ലകളിൽ ലിസ്റ്റിൽ കൂടുതൽ പേർ ഇല്ലാത്തതിനാൽ അവസാനത്തെ ഉദ്യോഗാർത്ഥിക്ക് പി.എസ്.സി. നിയമനശുപാർശ നൽകിയിട്ടില്ല. അവസാനത്തെ ഉദ്യോഗാർത്ഥിക്കും നിയമനം ലഭിച്ചാൽ മെയിൻ ലിസ്റ്റ് ഇല്ലാതാവും. അതോടെ സപ്ലിമെന്ററി ലിസ്റ്റിലുള്ളവർക്ക് നിയമനത്തിന് അർഹത നഷ്ടപ്പെടും.
കൂടുതൽ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് വിപുലീകരിക്കുന്നത് പരിഗണിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നിർദേശിച്ചെങ്കിലും പി.എസ്.സി നിരസിച്ചു. പ്രസിദ്ധീകരിച്ച റാങ്ക്പട്ടികയിൽ കട്ട് ഓഫ് മാർക്ക് താഴ്ത്തി ഉദ്യോഗാർഥികളെ കൂട്ടിച്ചേർക്കുന്നതിന് നിയമമില്ലെന്നാണ് പി.എസ്.സിയുടെ നിലപാട്.
കഴിഞ്ഞ മൂന്ന് അദ്ധ്യയന വർഷങ്ങളിലായി സർക്കാർ-എയ്ഡഡ് സ്കൂളിൽ അഞ്ചുലക്ഷം കുട്ടികൾ വർദ്ധിച്ചതായാണ് കണക്ക്. ഇവരിൽ 2.10 ലക്ഷം പേർ സർക്കാർ സ്കൂളുകളിലാണ് പ്രവേശനം നേടിയത്. കുട്ടികൾ കൂടിയതും തസ്തികകൾ ഒഴിഞ്ഞുകിടന്നതുമാണ് എൽ.പി.അദ്ധ്യാപക നിയമനത്തിന് അവസരം നൽകിയത്.
മലപ്പുറത്താണ് ഏറ്റവും കൂടുതൽ നിയമന ശുപാർശ. കണ്ണൂരിൽ വിവിധ സ്‌കൂളുകളിലായി 150 ഒഴിവുകൾ നിലവിലുണ്ടെങ്കിലും ഇക്കാര്യം പി.എസ്.സിയെ അറിയിച്ചിട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. മെയിൻ ലിസ്റ്റിൽ 96 പേരടക്കം സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ട 200 പേരോളം നിയമനത്തിനായി കാത്തിരിക്കുമ്പോഴാണ് ഈ അനാസ്ഥ.
സർക്കാർ സ്കൂളുകളിൽ
കുട്ടികളുടെ വർദ്ധന
2017-18 - 75,000
2018-19 - 70,644
2019-20 - 65,215
ആകെ - 2,10,859
എൽ.പി.സ്കൂൾ നിയമനം
തിരുവനന്തപുരം - 487
കൊല്ലം - 492
ആലപ്പുഴ - 291
പത്തനംതിട്ട - 280
കോട്ടയം - 225
ഇടുക്കി - 185
എറണാകുളം - 298
തൃശ്ശൂർ - 257
പാലക്കാട് - 479
മലപ്പുറം - 1179
കോഴിക്കോട് - 390
വയനാട് - 282
കണ്ണൂർ - 314
കാസർകോട് - 494
ആകെ - 5653