1

തിരുവനന്തപുരം: കൊവിഡ് മഹാമാരി പിടിമുറുക്കിയതോടെ മാസ്ക് എന്നത് ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറി. മുൻപ് കണ്ടിരുന്ന മാസ്കുകൾക്ക് പുറമേ പലതരത്തിലുള്ള പുതിയ മാസ്കുകളും വിപണി കീഴടക്കിക്കഴിഞ്ഞു. അതിനെയെല്ലാം കടത്തിവെട്ടുന്ന തരത്തിലുള്ള മാസ്ക് നിർമ്മിച്ച് വ്യത്യസ്ഥനായിരിക്കുകയാണ് നെയ്യാറ്റിൻകര സ്വദേശിയും നെയ്യാറ്റിൻകരയിലെ ശബരീനാഥ് ജുവലറി ഉടമയുമായ ഡോ. ശബരീനാഥ് രാധാകൃഷ്ണൻ. 18 ഗ്രം സ്വർണത്തിൽ നിർമ്മിച്ച മാസ്കാണ് ഇദ്ദേഹത്തെ താരമാക്കുന്നത്.സ്വർണമാസ്ക് കൂടാതെ 2005ൽ അര ഗ്രാം സ്വർണത്തിൽ ഓടക്കുഴൽ,​ നിലവിളക്ക്, പൂജാപാത്രം എന്നിവയും ഇദ്ദേഹം നിർമ്മിച്ചിരുന്നു. ഇത് അന്നത്തെ ഉപരാഷ്ട്രപതി ഭൈറോൺ സിംഗ് ഷെഖാവത്തിന് സമ്മാനിക്കുകയായിരുന്നു. ചാന്ദ്രയാൻ വിജയമായാൽ ആ സമയത്തുള്ള ഐ.എസ്.ആർ.ഒ ചെയർമാന് സമ്മാനമായി നൽകാൻ അരഗ്രാം സ്വർണത്തിൽ നിർമ്മിച്ച റോക്കറ്റിന്റെ മാതൃകയും ജുവല്ലറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തകനായ ഡോ. ശബരീനാഥിന് ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. കൊവിഡിനെതിരായ ബോധവത്കരണവും തന്റെ തൊഴിലാളികളുടെ കരവിരുത് പ്രദർശിപ്പിക്കാനുമാണ് സ്വർണമാസ്ക് നിർമ്മിച്ചതെന്നാണ് ഡോ. ശബരീനാഥ് രാധാകൃഷ്ണൻ പറയുന്നത്.

ഇതാണാ മാസ്ക്......

ഒരുലക്ഷം രൂപയാണ് മാസ്കിന്റെ വില. സ്വർണത്തിന് വിലവ്യത്യാസം വരുന്നതനുസരിച്ച് മാസ്കിന്റെ വിലയും മാറും. ഇതുവരെ ഒരു മാസ്കാണ് പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ വിവാഹാവശ്യത്തിനായി അടുത്ത മാസത്തേക്ക് മറ്റൊരാളും മാസ്കിന് ഓർഡർ നൽകിയിട്ടുണ്ട്. പലരും ഫോണിൽ ബന്ധപ്പെട്ട് മാസ്കിനെപ്പറ്റിയുള്ള വിവരങ്ങൾ ആരായാറുണ്ടെന്നും ഡോ. ശബരീനാഥ് പറയുന്നു. കഴുകുന്നതിനോ ശ്വാസം എടുക്കുന്നതിനോ ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലാണ് മാസ്ക് നിർമ്മിച്ചിരിക്കുന്നത്. ഒരു മാസ്ക് നിർമ്മിക്കാൻ 4 ദിവസത്തോളം സമയം വേണ്ടിവരും.