des12c

ആറ്റിങ്ങൽ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയ അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാപത്രം ലഭിച്ചു.
കൊവിഡ് കാലത്ത് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഭക്ഷണമില്ലാതെ അലയുന്നവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനായി സംഘടിപ്പിച്ച ‘ഒരു വയറൂട്ടാം’ പദ്ധതിയുടെ മികച്ച നടത്തിപ്പ് എറെ ചർച്ചചെയ്യപ്പെട്ടിരുന്നു.
ആറ്റിങ്ങൽ മേഖലയിൽ കലാഭവൻമണി സേവന സമിതിയുമായി ചേർന്ന് പതിനായിരത്തോളം ഭക്ഷണപ്പൊതികളാണ് സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി പ്രകാരം വിതരണം ചെയ്തത്. പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച കമ്മ്യൂണിറ്റി പൊലീസ് ഓഫീസറായ എൻ. സാബുവിനും സംസ്ഥാന പൊലീസ് മേധാവിയുടെ ‘കൊവിഡ് വാരിയർ’ പുരസ്കാരം ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണയിൽ നിന്ന് കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ എൻ. സാബു പ്രശംസാപത്രങ്ങൾ ഏറ്റുവാങ്ങി. ഐ.ജി. പി. വിജയൻ, തിരുവനന്തപുരം റൂറൽ ജില്ല അഡിഷണൽ എസ്.പി. ഇ.എസ്. ബിജുമോൻ, എസ്.പി.സി തിരുവനന്തപുരം ജില്ലാ നോഡൽ ഓഫീസർ വി.എസ്. ദിനരാജ്, അസിസ്റ്റന്റ് നോഡൽ ഓഫീസർ ടി.എസ്. അനിൽകുമാർ എന്നിവർ പങ്കെടുത്തു.