
വിതുര: മലയോരമേഖലയിൽ വീണ്ടും ലഹരി മാഫിയ പിടിമുറുക്കുന്നു. കഞ്ചാവ്, നിരോധിത പുകയില ഉത്പന്നങ്ങളുടെ കച്ചവടം തകൃതിയായിട്ടും നടപടികൾ മാത്രം ഇനിയും അകലെയാണ്. മാസങ്ങളായി ഇതാണ് അവസ്ഥ. തിരഞ്ഞെടുപ്പ് വേളയിൽ വൻ തോതിൽ കഞ്ചാവ് വിറ്റഴിക്കപ്പെട്ടിരുന്നു. വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ കഞ്ചാവ് മാഫിയ തഴച്ചു വളർന്നിട്ട് മാസങ്ങളേറയായി. ടൂറിസം മേഖലയിലും ഇവർ പിടിമുറുക്കിക്കഴിഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളും കേരളത്തിലേക്ക് വൻതോതിൽ എത്തുന്നുണ്ട്.
അഞ്ച് രൂപ മുതൽ ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന ഇത്തരം ഉത്പന്നങ്ങൾ 50 രൂപയ്ക്ക് മുകളിലാണ് വിറ്റഴിക്കുന്നത്.
ഇതിനായി പ്രത്യേകസംഘങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അമിത ലാഭം ലഭിക്കുന്നതിനാൽ യുവക്കളാണ് കച്ചവട സംഘങ്ങളിൽ ഏറെയും. പൊലീസും, എക്സൈസും കിണഞ്ഞു പരിശ്രമിച്ചിട്ടും ഇക്കൂട്ടരെ അമർച്ച ചെയ്യാൻ സാധിച്ചിട്ടില്ല. കഞ്ചാവ് സ്കൂൾ, കോളേജ് പരിസരങ്ങളിലും ലഹരി വസ്തുക്കളുടെ വില്പന വ്യാപകമാണ്. പരിശോധനകൾ നാമമാത്രമായതാണ് ലഹരിമാഫിയ തഴച്ചുവളരാൻ കാരണമെന്നാണ് ജനങ്ങളുടെ ആരോപണം. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും എക്സൈസിന്റെയും പൊലീസിന്റെയും പരിശോധന കർശനമാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
ബൈക്കുകളിൽ പറന്ന് കഞ്ചാവ് വില്പന
കഞ്ചാവ് വില്പനയ്ക്കായി യുവക്കളുടെ സംഘമാണ് സജീവമായി ഉള്ളത്. മികച്ച വരുമാനം ലഭിക്കുന്നതിനാൽ വില്പന നടത്തുന്നതിന് ആഢംബര ബൈക്കുകളുമായി യുവസംഘങ്ങൾ ചീറിപ്പായുകയാണ്. ഇത്തരത്തിൽ ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വില്പന നടത്തിയ നിരവധി യുവാക്കൾ പിടിയിലായിരുന്നു. വിദ്യാർത്ഥികളും സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് പൊലീസിനും എക്സൈസിനും ലഭിച്ചിട്ടുള്ള വിവരം.
അന്യസംസ്ഥാന തൊഴിലാളികളും
കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വിറ്റഴിക്കുന്നവരുടെ കൂട്ടത്തിൽ അന്യസംസ്ഥാന തൊഴിലാളികളുമുണ്ട്. ഇവർ തിങ്ങിപ്പാർക്കുന്ന മേഖലകൾ ലഹരിവ്യാപാരത്തിന്റെ കേന്ദ്രങ്ങളായി മാറുകയാണ്. സ്വദേശത്ത് പോയി മടങ്ങിയെത്തുന്ന തൊഴിലാളികൾ വൻതോതിൽ കഞ്ചാവ് എത്തിച്ചാണ് ഇവിടെ വിറ്റഴിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പരിശോധനകൾ കുറഞ്ഞതാണ് ഇവർക്ക് സഹായകരമാകുന്നത്.
മലയോരമേഖലയിൽ വർദ്ധിച്ചുവരുന്ന ലഹരിപദാർത്ഥങ്ങളുടെ വില്പനയ്ക്ക് തടയിടണം. പൊലീസും, എക്സൈസും ഉണർന്ന് പ്രവർത്തിക്കണം.
ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോ. വിതുര മേഖലാ കമ്മിറ്റി