
നാഗർകോവിൽ: അതിർത്തിയിലെ ചെക്ക്പോസ്റ്റുകളിൽ തമിഴ്നാട് വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 85,000 രൂപയുമായി ഉദ്യോഗസ്ഥരെ പിടികൂടി. കളിയിക്കാവിള ആർ.ടി.ഒ ചെക്ക്പോസ്റ്റിൽ നിന്ന് 64,340 രൂപയുമായി വെഹിക്കിൾ ഇൻസ്‌പെക്ടർ ശരവണ ദാസ്, ഓഫീസ് അസിസ്റ്റന്റ് കുമരേശൻ എന്നിവരും പടന്താൽമൂട് പൊലീസ് ചെക്ക്പോസ്റ്റിൽ നിന്ന് 20,740 രൂപയുമായി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.എസ്.ഐ സുന്ദർരാജൻ, കോൺസ്റ്റബിൾമാരായ മോഹൻദാസ്, കാളിമുത്തു എന്നിവരുമാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ 3.30നായിരുന്നു സംഭവം. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഡി.എസ്.പി മതിയഴകന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് വിജിലൻസ് അഞ്ചുപേർക്കെതിരെ കേസെടുത്തു.