
പാലോട്:വന്യമൃഗ ശല്യം രൂക്ഷമായ പെരിങ്ങമ്മല,നന്ദിയോട്,പഞ്ചായത്തുകളിൽ കൂട്ടമായി എത്തുന്ന ആഫ്രിക്കൻ ഒച്ചുകൾ കർഷകർക്ക് ഭീഷണിയാകുന്നു. സാധാരണയിൽ നിന്ന് വലിപ്പമുള്ള ഇവ രാത്രികാലങ്ങളിലാണ് അധികമായി എത്തുന്നത്. പച്ചക്കറി തൈകൾ,പുതിയവിളകൾ എന്നിവയുടെ തളിരിലകൾ തിന്ന് നശിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. വലിയ മരങ്ങളിൽ നിന്നു വീണ് ചിതലരിച്ചുകിടക്കുന്ന മരച്ചില്ലകളിലാണ് പകൽ സമയം ഇവ കഴിച്ചുക്കൂട്ടുന്നത്. രാത്രിയിൽ കൂട്ടമായിറങ്ങുന്ന ഒച്ചുകൾ പ്രധാനമായും പച്ചകറികൾക്കും ധാന്യച്ചെടികൾക്കും ചെറിയ സസ്യങ്ങൾക്കും പൂച്ചെടികൾക്കും നാശമുണ്ടാക്കുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ ആയിരക്കണക്കിനു രൂപയുടെ കൃഷിയാണ് ഇവ നശിപ്പിച്ചത്.