election-2019

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് മലബാറിലെ നാല് ജില്ലകളിൽ നാളെ നടക്കുന്നതോടെ ഒരു മാസത്തിലേറെ നീണ്ട രാഷ്ട്രീയപ്പോരിന് താൽക്കാലിക വിരാമമാകും. രാഷ്ട്രീയ വീറും വാശിയും ഏറ്റവും തീവ്രമായി പ്രകടമാക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ പോളിംഗ്.

നാളെ കഴിഞ്ഞാൽ ഒരു ദിവസത്തെ കാത്തിരിപ്പ്. ബുധനാഴ്ച വോട്ടെണ്ണുന്നതോടെ 1200ഓളം തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം ആർക്കെന്ന് അറിയാം.

പിന്നെ ഒന്നോ രണ്ടോ മാസത്തിനകം കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എരിപൊരിയാവും. അതുകൊണ്ടു തന്നെ എൽ.ഡി.എഫിനും യു.ഡി.എഫിനും എൻ.ഡി.എക്കും തദ്ദേശ ഫലം നിർണായകമാണ്. സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് ഇടതുനേതാക്കൾ തന്നെ വ്യക്തമാക്കിയ തദ്ദേശ തിരഞ്ഞെടുപ്പിൽ, വികസനനേട്ടങ്ങളും ജനക്ഷേമ നടപടികളും തന്നെയാണ് ഇടതുമുന്നണി എടുത്തുകാട്ടിയത്. സർക്കാരിനെതിരായ ആരോപണങ്ങൾ രാഷ്ട്രീയ ആയുധമാക്കിയ യു.ഡി.എഫും എൻ.ഡി.എയും തദ്ദേശഫലത്തിൽ അതിന്റെ നേട്ടം കിട്ടുമെന്ന് വിശ്വസിക്കുന്നു.

കൊവിഡ് പരിമിതികളെയും മറികടന്ന് രണ്ട് ഘട്ടങ്ങളിലും പോളിംഗ് പ്രതീക്ഷകൾക്കപ്പുറം വർദ്ധിച്ചത് മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. അതിനാൽ അവസാനറൗണ്ടിൽ അവർക്ക് ആകാംക്ഷയുണ്ട്. ഇടതുമുന്നണിയുടെ ശക്തിദുർഗങ്ങളായ കണ്ണൂരും കോഴിക്കോടും കാസർകോടും മുസ്ലിംലീഗിന്റെ കോട്ടയായ മലപ്പുറവുമാണ് മൂന്നാംഘട്ടത്തിൽ മാറ്റുരയ്ക്കുന്നത്. കോഴിക്കോട്ടും കണ്ണൂരും കാസർകോട്ടും ലീഗിന്റെ ശക്തികേന്ദ്രങ്ങളുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മേൽക്കൈ നിലനിറുത്തി കണ്ണൂരിലും കോഴിക്കോട്ടും കാസർകോട്ടും വലിയ മുന്നേറ്റം കോൺഗ്രസും യു.ഡി.എഫും പ്രതീക്ഷിക്കുന്നുണ്ട്. ഖമറുദ്ദീനും കെ.എം.ഷാജിക്കും വി.കെ. ഇബ്രാഹിം കുഞ്ഞിനും എതിരായ കേസുകൾ വിഷമവൃത്തത്തിലാക്കിയ ലീഗിന്റെ മലപ്പുറം കോട്ടയിൽ വിള്ളലുണ്ടാക്കി മുന്നേറാമെന്ന് ഇടതുമുന്നണിയും കണക്കുകൂട്ടുന്നു. മറ്റ് ജില്ലകളെ അപേക്ഷിച്ച് ബി.ജെ.പിക്ക് വലിയ പ്രതീക്ഷ ഇല്ലാത്ത മേഖലയാണെങ്കിലും കണ്ണൂരിലും കോഴിക്കോട്ടും അപ്രതീക്ഷിതനേട്ടങ്ങൾ ഉണ്ടാകാമെന്നാണ് ബി.ജെ.പി അവകാശവാദം.

പൗരത്വനിയമ ഭേദഗതി, യു.ഡി.എഫിന്റെ വെൽഫെയർ പാർട്ടി ബാന്ധവം എന്നിവ ഇടതുമുന്നണി മൂർച്ഛയുള്ള രാഷ്ട്രീയായുധമാക്കിയ മേഖലയുമാണിത്. മതന്യൂനപക്ഷങ്ങൾ എങ്ങോട്ട് ചായുമെന്നത് കണ്ടറിയണം. പൗരത്വ ഭേദഗതി നിയമത്തിൽ സമസ്ത അടക്കമുള്ളവരുടെ നിലപാടുകൾ അനുകൂലമാകുമെന്നാണ് ഇടത് പ്രതീക്ഷ.

ഇടതുമുന്നണിയിൽ തിരിച്ചെത്തിയ ലോക് താന്ത്രിക് ജനതാദളിന്റെ പ്രകടനം വിലയിരുത്തപ്പെടുന്ന മേഖലയാണ് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ. വടകരയിലെ ആർ.എം.പി സ്വാധീനവും മാറ്റുരയ്ക്കപ്പെടും. യു.ഡി.എഫിനാണ് അവരുടെ പിന്തുണ.

ബി.ജെ.പിക്ക് സ്ഥാനാർത്ഥികളില്ലാത്ത പ്രദേശങ്ങളും ഉണ്ട്. അവിടങ്ങളിൽ യു.ഡി.എഫുമായി ബാന്ധവമുണ്ടെന്നാണ് ഇടതുമുന്നണി ആരോപിക്കുന്നത്.