
തിരുവനന്തപുരം: വൈദ്യുത വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്. വാഹനങ്ങൾ ചാർജ് ചെയ്യാൻ കെ.എസ്.ഇ.ബി വക സൗജന്യ വൈദ്യുതി. നവംബർ ആറിന് തുടങ്ങിയ ഓഫർ ഫെബ്രുവരി ആറു വരെയുണ്ട്.
കിടിലൻ ഓഫറായിട്ടും ഗുണഭോക്താക്കൾ ശരിക്കും പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ പരാതി. ഇതിനകം ചാർജ് സ്റ്റേഷനുകളിൽ വാഹനവുമായി പോയവർ 1080 പേർ.
ആറു നഗരങ്ങളിലാണ് ചാർജിംഗ് സ്റ്റേഷനുകൾ. എല്ലാം വൈദ്യുതി ഓഫീസിന് സമീപം. ഒരു ദിവസം ഒരു സ്റ്റേഷനിലെത്തുന്നത് ശരാശരി അഞ്ച് വാഹനങ്ങൾ. പതിനയ്യായിരത്തിലേറെ ഇലക്ട്രിക് വാഹനങ്ങൾ സംസ്ഥാനത്തുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്.
സ്വന്തമായി ചാർജ് ചെയ്യാം
വാഹനവുമായി എത്തുന്നവർക്ക് സ്വന്തമായി ചാർജ് ചെയ്യാം. ഒരേ സമയം രണ്ടു വാഹനങ്ങൾക്ക് ചാർജ് ചെയ്യാനുള്ള സൗകര്യമുണ്ട്. 25% ചാർജ് ശേഷിക്കുന്ന കാറുകൾ ഫുൾ ചാർജ് ചെയ്യാൻ വേണ്ടത് ഒന്നര മണിക്കൂർ . വൈദ്യുതി കാറുകളുടെ ശേഷി 16 മുതൽ 20 കിലോവാട്ട് വരെ ഒരു മണിക്കൂർ ചാർജ് ചെയ്യാൻ 20 യൂണിറ്റ്. ഒരു തവണ ഫുൾചാർജ് ചെയ്താൽ 150 കിലോമീറ്റർ വരെ ഓടിക്കാം.
വീടുകളിൽ പല താരിഫിലായി ഒരു യൂണിറ്റിന് 3.15 മുതൽ 7.60 രൂപവരെ ഈടാക്കുന്നുണ്ട്. ശരാശരി വില അഞ്ചു രൂപ കണക്കാക്കിയാൽ 20 യൂണിറ്റിന് 100 രൂപയാകും. അതാണ് സൗജന്യമായി നൽകുന്നത്. കാറുകളുടെ ശേഷിയനുസരിച്ച് വൈദ്യുതിയുടെ തോതും കുറയും.
ഫ്രീചാർജിംഗ് സ്റ്റേഷനുകൾ
തിരുവനന്തപുരം- നേമം
കൊല്ലം -ഓലായ്
കൊച്ചി - പാലാരിവട്ടം
തൃശൂർ - വിയ്യൂർ
കോഴിക്കോട്- നല്ലളം
കണ്ണൂർ- ചൊവ്വ
ഇ-വിപ്ലവം
നിരത്തുകളിൽ ഇലക്ട്രിക് വിപ്ലവത്തിന് വഴിതെളിക്കാൻ വൈദ്യുതി ബോർഡിന്റെ നേതൃത്വത്തിൽ എഴുപതോളം ചാർജിംഗ് സ്റ്രേഷനുകൾ അടുത്ത വർഷം ആരംഭിക്കും.
സ്വകാര്യ വ്യക്തികൾക്കും സ്റ്റേഷനുകൾ ആരംഭിക്കാം. ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെ അനുവാദത്തോടെ...
വാഹന രജിസ്ട്രേഷൻ
2.5 കിലോവാട്ടിൽ കൂടുൽ വൈദ്യുതി ശേഷിയുള്ള വാഹനങ്ങൾക്കാണ് മോട്ടോർ വാഹന വകുപ്പിന്റെ രജിസ്ട്രേഷൻ വേണ്ടത്. 11,700 വാഹനങ്ങളാണ് ഈ വർഷം മാത്രം രജിസ്ട്രേഷൻ നേടിയത്. 2.5 കിലോവാട്ടിനു താഴെയുള്ള സ്കൂട്ടറുകൾക്ക് രജിസ്ട്രേഷൻ വേണ്ട.