behara

തിരുവനന്തപുരം: മൂന്നു വർഷം ഒരേ തസ്തികയിലുള്ള ഉദ്യോഗസ്ഥരെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മാറ്റണമെന്ന ചട്ടം മറികടക്കാൻ ക്രമസമാധാനം, തിരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലകളിൽ നിന്നൊഴിവാക്കി ലോക്നാഥ് ബഹ്റയെ പൊലീസ് മേധാവി കസേരയിൽ ഉറപ്പിച്ചിരുത്താൻ സർക്കാർ ശ്രമം തുടങ്ങി. പൊലീസ് മേധാവി പദവിയിൽ മൂന്നര വർഷമായി തുടരുകയാണ് സർക്കാരിന്റെ വിശ്വസ്തരിൽ ഒരാളായ ബഹ്റ.

മൂന്നു വർഷമെന്ന മാനദണ്ഡം പാലിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സർക്കാരിന് നിർദ്ദേശം കൈമാറിക്കഴിഞ്ഞു. സർക്കാർ മാറ്റിയില്ലെങ്കിൽ ബഹ്റയെ കമ്മിഷന് മാറ്റാനാവും. ഇതൊഴിവാക്കാനാണ് ക്രമസമാധാനവും തിരഞ്ഞെടുപ്പ് നടത്തിപ്പും അഡി.ഡി.ജി.പിക്ക് കൈമാറി അടുത്ത ജൂണിൽ വിരമിക്കുന്നതുവരെ ബഹ്റയെ ഉന്നതപദവിയിൽ സംരക്ഷിക്കാൻ ശ്രമിക്കുന്നത്.

മൂന്നുവർഷം ഒരേ തസ്തികയിൽ പാടില്ലെന്ന ചട്ടം ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും ബാധകമല്ലെന്നും വിരമിക്കാൻ ആറുമാസം മാത്രം ബാക്കിയുള്ള ബഹ്റയെ ചട്ടത്തിൽ നിന്നൊഴിവാക്കണമെന്നും സർക്കാ‌ർ നിലപാടെടുക്കാനുമിടയുണ്ട്. എന്നാൽ, ബഹ്റയെ ഇങ്ങനെ സംരക്ഷിച്ചാൽ പ്രതിപക്ഷം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ സമീപിക്കുമെന്നുറപ്പ്. അതോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് നിർണായകമാകും.

ബഹ്റയ്ക്ക മാറേണ്ടിവന്നാൽ ഡി.ജി.പി ടോമിൻ തച്ചങ്കരിക്കാണ് സാദ്ധ്യത. തച്ചങ്കരിക്ക് 2023 ജൂലായ് വരെ കാലാവധിയുണ്ട്. തച്ചങ്കരിയെക്കാൾ സീനിയറായ നാലുപേരുണ്ട്. ജയിൽ മേധാവി ഋഷിരാജ്സിംഗ് അടുത്ത ജൂലായിലും ഫയർഫോഴ്സ് മേധാവി ആർ.ശ്രീലേഖ ഈ ഡിസംബറിലും വിരമിക്കും. 2023 മേയ് വരെ കാലാവധിയുള്ള അരുൺകുമാർ സിൻഹ എസ്.പി.ജി തലവനായി കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ശ്രീലേഖ വിരമിക്കുമ്പോൾ ഡി.ജി.പി റാങ്കു ലഭിക്കുന്ന സുധേഷ്‌കുമാറിനെ പൊലീസ് മേധാവിയാക്കാനും നീക്കമുണ്ട്.

ചട്ടപ്രകാരം, ആറു മാസമെങ്കിലും കാലാവധിയുള്ള ഡി.ജി.പിയെ പൊലീസ് മേധാവിയാക്കാം. രണ്ടു വർഷം തികയാതെ മാറ്റാനാവില്ലെന്നേയുള്ളൂ. തിരഞ്ഞെടുപ്പ് കമ്മിഷൻ ബഹ്റയെ മാറ്റി മറ്റൊരു ഡി.ജി.പിയെ പൊലീസ് മേധാവിയാക്കിയാൽ ഋഷിരാജ് സിംഗിന് സാദ്ധ്യതയേറും. പെരുമാറ്റച്ചട്ടം തീരും വരെയുള്ള കമ്മിഷന്റെ നിയമനങ്ങൾക്ക് ആറു മാസ സേവനകാലാവധി വേണമെന്ന നിബന്ധന ബാധകമല്ല.

തന്ത്രം

അഡി.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന് സംസ്ഥാനത്താകെ ക്രമസമാധാന ചുമതലയുണ്ട്. പെരുമാറ്റച്ചട്ടം വരുമ്പോൾ തിരഞ്ഞെടുപ്പ് നടത്തിപ്പുകൂടി ഇദ്ദേഹത്തിന് കൈമാറാം

തടസം

ക്രമസമാധാന ചുമതലയില്ലാതെ പൊലീസ് മേധാവി പദവിയിൽ ബഹ്റയ്ക്ക് തുടരാനാവുമോയെന്നത് നിയമപ്രശ്നങ്ങൾക്കിടയാക്കും. തിരഞ്ഞെടുപ്പ് നടത്തിപ്പിന് പൊലീസ് മേധാവി തന്നെ വേണമെന്ന് കമ്മിഷനു നിലപാടെടുക്കാം