കഴക്കൂട്ടം:കഴക്കൂട്ടം ഫ്ലൈഓവർ നിർമ്മാണത്തിൽ തടസമായി നിൽക്കുന്ന വൈദ്യുതി ലൈനുകൾ മാറ്റി ഓടകളിൽ കേബിൾ ഇടാൻ തീരുമാനമായി. കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്. ലൈനിൽ തട്ടി അപകടമുണ്ടാകുമെന്ന് സർവീസ് റോഡിന് സമീപത്തെ വീട്ടുകാരുടെ പരാതിക്കാണ് ഇതോടെ പരിഹാരമാകുന്നത്. ഓടകളിലെ കോൺക്രീറ്റ് ഭിത്തിയുടെ മേൽഭാഗത്തായി ലോഹപ്പാളി പിടിപ്പിക്കും. അതിനുള്ളിൽ വയ്ക്കുന്ന പി.വി.സി പൈപ്പുകളുടെ അകത്താണ് വൈദ്യുതി ലൈൻ സ്ഥാപിക്കുക.ഇതോടൊപ്പം ട്രാൻസ്‌ഫോർമറുകളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മറ്റും. തുടർന്നാകും സർവീസ് റോഡിനായുള്ള ഭാഗങ്ങൾ നിരപ്പാക്കുന്നത്. ഇതെല്ലാം രണ്ടാഴ്ചയ്ക്കകം നടത്താനാണ് തീരുമാനം. റോഡിലെ ഗട്ടറുകൾ നികത്തി വാഹനയാത്രയ്‌ക്കുള്ള തടസങ്ങൾ നീക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. നേരത്തെ തീരുമാനിച്ച പ്രകാരം സർവീസ് റോഡിന്റെ ഓടയ്ക്ക് വെളിയിൽ സ്ഥാപിച്ച പോസ്റ്റുകളിൽ വൈദ്യുതി ലൈൻ വലിച്ചാൽ റോഡരികിലെ ചില കെട്ടിടങ്ങളുടെ വളരെ അടുത്താകും. വൈദ്യുതി ലൈനും കെട്ടിടവും തമ്മിൽ സുരക്ഷാ മാനദണ്ഡപ്രകാരം 1.2 മീറ്റർ അകലം വേണമെന്ന നിയമം പാലിക്കപ്പെടാത്ത സ്ഥിതിയുമാകും. ഇതോടെയാണ് ലൈൻ മാറ്റി കേബിൾ ഇടാൻ തീരുമാനിച്ചത്.