kseb

തിരുവനന്തപുരം: വൈദ്യുതി നിരക്ക് ഉടൻ വർദ്ധിപ്പിക്കുമെന്ന തരത്തിൽ ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വസ്‌തുതാവിരുദ്ധമാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നത്. 2018 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിലേക്ക് റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച മൾട്ടി ഇയർ താരിഫ് റെഗുലേഷനനുസരിച്ചുള്ളതാണ് നിലവിലുള്ള നിരക്ക്.

മാറ്റം ആവശ്യമുണ്ടെങ്കിൽ കെ.എസ്.ഇ.ബി ഇടക്കാല പുനഃപരിശോധനയ്ക്ക് കമ്മിഷനെ സമീപിക്കണം. എന്നാൽ ഇക്കാര്യത്തിനായി കെ.എസ്.ഇ.ബി കമ്മിഷനെ സമീപിച്ചിട്ടില്ല. 2020 മാർച്ചിൽ കമ്മിഷന് സമർപ്പിച്ച ഇടക്കാല പെറ്റീഷനിൽ താരിഫ് പരിഷ്‌കരണം ആവശ്യപ്പെട്ടിട്ടുമില്ല. 2022 മാർച്ച് 31 വരെ നിലവിലുള്ള നിരക്ക് തുടരും.
വൈദ്യുതി വാങ്ങൽ ചെലവിലുണ്ടായ അധിക ബാദ്ധ്യത കാലാകാലങ്ങളിൽ റഗുലേറ്ററി കമ്മിഷൻ തിട്ടപ്പെടുത്തുന്നുണ്ടെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇന്ധന സർചാർജ് ഈടാക്കുന്നത് മാറ്റിവച്ചിരിക്കുകയാണ്. അതുസംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു.