
കണ്ണൂർ: ഇപ്പോൾ ഇവിടെ അന്വേഷണ രീതി പോകുന്നത്, എത്ര കുറ്റവാളികൾ ഒഴിവായാലും കുറേ നിരപരാധികളെ ശിക്ഷിക്കണമെന്ന നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അത് നമ്മൾ മറന്നു പോകരുത്.
നിർഭാഗ്യവശാൽ രവീന്ദ്രന് കൊവിഡ് വന്നു. അപ്പോൾ അതിനാവശ്യമായ കരുതലെടുക്കേണ്ടേ? കൊവിഡിന്റെ ഭാഗമായി വന്ന ചില പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നു. അപ്പോൾ ചികിത്സിക്കേണ്ടേ? അതിൽ ശങ്കിക്കേണ്ട കാര്യമെന്താണ്. അതിന്റെ ഭാഗമായാണ് അദ്ദേഹത്തിന് ചോദ്യം ചെയ്യലിന് പോകാൻ കഴിയാതിരുന്നത്.
നമ്മുടെ നാട്ടിൽ ചില പ്രത്യേക മാനസികാവസ്ഥയുള്ളവരുണ്ട്. അവരുടെയൊരു രീതി പരാതികളിങ്ങനെ അയച്ചുകൊണ്ടിരിക്കലാണ്. അതിൽ ഒന്നു രണ്ടുപേർ നിങ്ങളുടെ (മാദ്ധ്യമപ്രവർത്തകർ) സുഹൃത്തുക്കളാണ്. രവീന്ദ്രന്റെ പേരിൽ അന്വേഷണ ഏജൻസികൾക്ക് ആക്ഷേപങ്ങൾ കിട്ടിയിട്ടുണ്ട്. അത് കിട്ടിയാൽ സ്വാഭാവികമായും അവർ ചോദ്യം ചെയ്യാൻ തയാറാകും.
1996ലെ നിയമസഭാതിരഞ്ഞെടുപ്പ് കാലത്ത്, കണ്ണൂരിൽ വന്ന് ഒരാൾ എനിക്ക് രണ്ട് കോടി തന്നെന്ന് സി.ബി.ഐക്ക് പരാതി പോയി. ജയിച്ചാൽ ഞാൻ മന്ത്രിയാകുമെന്നും വൈദ്യുതിവകുപ്പ് തന്നെയായിരിക്കുമെന്നും അതിനാൽ വൈദ്യുതി വകുപ്പിനെ സ്വാധീനിക്കാനാണ് പണം തന്നതെന്നുമായിരുന്നു കഥ. സ്വാഭാവികമായും പരാതി കിട്ടിയാൽ അന്വേഷണ ഏജൻസിക്ക് വിളിച്ചുചോദിക്കേണ്ടി വരും. അവരെന്നോട് ചോദിച്ചു. 'ഇതെന്താണ് കാര്യമെന്നൊക്കെ നമുക്കറിയാം, എന്നാലും ചോദിക്കണമല്ലോ എന്നുകരുതി ചോദിച്ചതാണ്"- എന്നു പറഞ്ഞ് മാന്യമായാണ് ഉദ്യോഗസ്ഥർ എന്നോടന്വേഷിച്ചത്. ഇത്തരം കാര്യങ്ങളൊക്കെ അന്വേഷണത്തിന്റെ ഭാഗമായി നടക്കും- മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളിൽ നിന്ന് വിട്ടുപോയിട്ടില്ല,
ജനങ്ങൾ തിരിച്ചും
കണ്ണൂർ /തിരുവനന്തപുരം : ജനങ്ങളിൽ നിന്ന് താൻ വിട്ടുപോവുകയോ ജനങ്ങൾ തന്നിൽ നിന്ന് അകന്ന് പോവുകയോ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തത് ഒളിച്ചോട്ടമാണെന്ന പ്രതിപക്ഷ ആക്ഷേപം ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു പ്രതികരണം.
പ്രചാരണത്തിന് നേരത്തേ തന്നെ ഞാനില്ലായിരുന്നല്ലോ. പ്രചാരണയോഗത്തിൽ വലിയ തോതിൽ ആളുകൾ കൂടിച്ചേരും. നൂറിലധികം ആളുകൾ കൂടിച്ചേർന്നു കഴിഞ്ഞാൽ, മുഖ്യമന്ത്രി തന്നെ പങ്കെടുത്തു, പറഞ്ഞതിന് വിപരീതമായി അദ്ദേഹം തന്നെ പ്രവർത്തിക്കുകയാണ് എന്നൊക്കെയുള്ള പഴി കേൾക്കേണ്ടിവരും. ഇപ്പോൾ ഇപ്പറയുന്നവർ തന്നെ അതും പറയും. അതുകൊണ്ട് ചെയ്യാവുന്നത് കാര്യങ്ങൾ ഓൺലൈനിലൂടെ അവതരിപ്പിക്കുകയാണ്. അത്തരത്തിൽ ഏഴോ എട്ടോ പ്രസംഗങ്ങൾ നടത്തി. ആക്ഷേപമുയർത്തുന്നവർ അതേക്കുറിച്ച് വേവലാതിപ്പെട്ടിട്ടില്ലല്ലോ ഇത് പറയുന്നത്. അതുകൊണ്ട് അതൊന്നും ഏശാൻ പോകുന്നില്ല.
സ്വർണക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാൻ കേന്ദ്ര ബി.ജെ.പി നേതൃത്വത്തെ സ്വാധീനിക്കാൻ ഉത്തരമലബാറിലെ ജ്യോതിഷിയെ മുഖ്യമന്ത്രി ഉപയോഗിക്കുന്നെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ ആരോപണം ശ്രദ്ധയിൽ പെടുത്തിയപ്പോൾ, ആരാണാ ജ്യോതിഷി എന്നത് ജ്യോതിഷം വച്ച് നോക്കേണ്ടി വരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വായയ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന രീതിയിലാണ് അദ്ദേഹത്തിന്റെ കാര്യങ്ങൾ. ഇരിക്കുന്ന സ്ഥാനത്തെ മാനിക്കേണ്ടതല്ലേ. ഓ, ഇദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നയാളാണെന്ന് നാട്ടുകാരെക്കൊണ്ട് ചിന്തിപ്പിക്കേണ്ട കാര്യമുണ്ടോ?- മുഖ്യമന്ത്രി ചോദിച്ചു.
മാപ്പുസാക്ഷിയാക്കൽ ബ്രിട്ടീഷുകാർ
തുടങ്ങിവച്ചത്
കണ്ണൂർ/തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്നയെയും സരിത്തിനെയും മാപ്പുസാക്ഷിയാക്കാൻ നടക്കുന്ന നീക്കം അന്വേഷണ ഏജൻസികൾ സാമ്രാജ്യത്വ ഏജൻസികളുടെ പ്രിയപ്പെട്ട ശിഷ്യരായതു കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ മാപ്പുസാക്ഷി പ്രയോഗം തുടങ്ങിയത് ബ്രിട്ടീഷ് സാമ്രാജ്യത്വം 1857ലെ ശിപായിക്കലാപത്തിന്റെ ഭാഗമായാണെന്നും, ബഹദൂർഷാ ചക്രവർത്തിയുടെ ചരിത്രാനുഭവം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ രാജ്യത്ത് പല തരത്തിലുള്ള കേസുകളും കെട്ടിച്ചമച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാർക്ക് ഒരുപാട് കള്ളക്കേസുകൾ നേരിടേണ്ടിവന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ മുതലുണ്ടായിട്ടുണ്ട്. അതിന്റെയെല്ലാം ഭാഗമായി ഞങ്ങളങ്ങ് തളർന്ന് പോയില്ല. അതുകൊണ്ട് ചില പൂതി മനസിൽവച്ച് നടക്കുന്നുണ്ടെങ്കിൽ ആ പൂതി മനസിൽ തന്നെ ഉണ്ടാകുന്നതാണ് നല്ലത്. അതൊന്നും വച്ച് ഞങ്ങളെ ജനമദ്ധ്യത്തിൽ താറടിച്ച് കാണിക്കാമെന്നോ ഞങ്ങളെയങ്ങ് കൊച്ചാക്കിക്കളയാമെന്നോ ധരിക്കേണ്ടതില്ല.