raj

തിരുവനന്തപുരം:കൊവിഡ് ബാധിതരുടെ പ്രധാന ലക്ഷണമായ മണം തിരിച്ചറിയാനുള്ള ശേഷി കുറയുന്നത് (ഹൈപ്പോസ്‌മിയ) രോഗിയെ കൊണ്ട് മണം പിടിപ്പിച്ച് കണ്ടുപിടിക്കാനുള്ള കിറ്റ് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർ.ജി.സി.ബി) വികസിപ്പിച്ചു. ഇത് ചെന്നൈയിലെ സവിത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്‌നിക്കൽ സയൻസസിൽ കൊവിഡ് ബാധിതരിൽ പരീക്ഷിച്ച് വിജയിച്ചു.

ആർ.ജി.സി.ബിയിലെ ന്യൂറോ സ്റ്റെം സെൽ ബയോളജി ലാബിലെ സയന്റിസ്റ്റ് ഡോ.ജാക്‌സൺ ജയിംസിന്റെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ച കിറ്റിന്

10 രൂപയോളമാണ് പ്രതീക്ഷിക്കുന്ന വില. സാങ്കേതികവിദ്യ കൈമാറിയ ശേഷം വാണിജ്യാടിസ്ഥാനത്തിൽ കിറ്റുകൾ പുറത്തിറക്കും. മനുഷ്യശരീരവുമായി നേരിട്ട് ബന്ധപ്പെടുന്ന പരിശോധന അല്ലാത്തതിനാൽ കിറ്റിന് ഐ.സി.എം.ആറിന്റെ അംഗീകാരം വേണ്ട. മണം അറിയാത്തതിനാൽ ഒരാൾ കൊവിഡ് ബാധിതനാണെന്ന് ഉറപ്പിക്കാനാകില്ല. ഈ പരിശോധനയിലൂടെ രോഗബാധിതരിലേക്ക് എത്താനാകും.

'അനോസ്‌മിയ ചെക്കർ'

കാപ്പിപ്പൊടി, പുൽത്തൈലം എന്നിവയുടെ മണം വിവിധ അളവുകളിൽ ചേർത്തിട്ടുള്ള കിറ്റ് 'അനോസ്‌മിയ ചെക്കർ' എന്നാണ് അറിയപ്പെടുന്നത്. പൂർണമായും മണം നഷ്ടപ്പെടുന്ന അവസ്ഥയാണ് അനോസ്‌മിയ. കൊവിഡ് രോഗികളിൽ ഭൂരിഭാഗത്തിനും ചെറിയ കാലത്തേക്കാണ് മണം തിരിച്ചറിയാനുള്ള ശേഷി കുറയുന്നത് (ഹൈപ്പോസ്‌മിയ )​. ഒരു മണം മറ്റൊരു മണമായി തിരിച്ചറിയുന്ന പരോസ്‌മിയയും കൊവിഡ് ലക്ഷണമായി റിപ്പോർ‌ട്ട് ചെയ്‌തിട്ടുണ്ട്. ആർ.ജി.സി.ബിയുടെ സ്ട്രിപ്പിൽ ആറ് കള്ളികളിലായി പല ഗന്ധങ്ങൾ നിറച്ചിട്ടുണ്ട്. ഓരോന്നും തുറന്ന് മണത്ത് നോക്കുന്ന ആൾക്ക് ലഭിക്കുന്ന മണം ഏതാണെന്ന് നോക്കിയാണ് ഗന്ധം നഷ്ടപ്പെട്ടോയെന്നും ഏത് അവസ്ഥയാണെന്നും ഉറപ്പിക്കുന്നത്.