
തിരുവനന്തപുരം: കാമ്പസ് ഫ്രണ്ട് ഒഫ് ഇന്ത്യയുടെ ദേശീയ നേതാവും കൊല്ലം അഞ്ചൽ സ്വദേശിയുമായ റൗഫ് ഷെരീഫിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയതിനെ തുടർന്ന് മസ്ക്കറ്റിലേക്ക് കടക്കാനായിരുന്നു ശ്രമം. ഇതറിഞ്ഞ കൊച്ചിയിലെ ഇ.ഡി ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ കാത്തുനിന്ന് ഇമിഗ്രേഷൻ പരിശോധനയ്ക്ക് മുമ്പ് പുലർച്ചെ അഞ്ചരയ്ക്ക് പിടികൂടുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
ഹാഥ്‌രസ് സംഭവത്തിന് പിന്നാലെയുള്ള പ്രതിഷേധത്തിന് പണമെത്തിച്ചതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പൊലീസ് ഇയാളെ അന്വേഷിച്ചിരുന്നു. ഡൽഹി കലാപത്തിന് പണമൊഴുക്കിയതിൽ ഇ.ഡിയും തെരയുകയായിരുന്നു.
ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് റൗഫിന്റെ അക്കൗണ്ടിലേക്ക് അനധികൃതമായി പണം എത്തിയിരുന്നുവെന്ന സൂചനയെ തുടർന്നാണ് നോട്ടീസ് നൽകിയതെന്ന് അറിയുന്നു.
ശനിയാഴ്ച രാവിലെ ഏഴരയ്ക്കുള്ള സലാം എയർവേസിൽ മസ്കറ്റിലേക്കുള്ള യാത്രക്കായി എത്തിയ റൗഫ് ബാഗേജ് പരിശോധന പൂർത്തിയാക്കിയിരുന്നു. ഇമിഗ്രേഷൻ ഹാളിലേക്ക് കടന്നപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. നടപടി പൂർത്തിയാക്കി റൗഫിനെ പന്ത്രണ്ടരയോടെ കൊണ്ടുപോയി.
കാമ്പസ് ഫ്രണ്ട് നേതാവുമായി
അഞ്ചലിലെ വീട്ടിൽ തെളിവെടുപ്പ്
അഞ്ചൽ: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത കാമ്പസ്ഫ്രണ്ട് നേതാവ് റൗഫിനെ ഏറെ നാളായി വാടകയ്ക്ക് താമസിക്കുന്ന അഞ്ചൽ ചന്തമുക്കിനു സമീപത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കടയ്ക്കൽ ചുണ്ട സ്വദേശിയാണ്.
കാമ്പസ് ഫ്രണ്ട് പ്രവർത്തകർ വീടിന് മുന്നിൽ പ്രതിഷേധിച്ചു. വിവിധ സ്റ്റേഷനുകളിൽ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. പ്രവർത്തകർ അഞ്ചലിൽ പ്രകടനം നടത്തുകയും റോഡ് ഭാഗികമായി ഉപരോധിക്കുകയും ചെയ്തു.