voting

നെടുമങ്ങാട്: ഇടതിന്റെ കോട്ടയായ നെടുമങ്ങാട്, വാമനപുരം ബ്ലോക്ക് പഞ്ചായത്തുകൾ എൽ.ഡി.എഫ് നിലനിർത്തുമോ, അതോ, യു.ഡി.എഫ് അട്ടിമറി വിജയം നേടുമോ ? ബി.ജെ.പി ഇക്കുറിയെങ്കിലും അക്കൗണ്ട് തുറക്കുമോ? കൂട്ടലും കിഴിക്കലും കാത്തിരിപ്പും അവസാനിക്കാൻ ഇനി രണ്ടു ദിവസം മാത്രം. മൂന്ന് വർഷം മികച്ച ബ്ലോക്കിനുള്ള ദേശീയ പുരസ്കാരം നെടുമങ്ങാട് ബ്ലോക്കിന് നേടിക്കൊടുത്ത മുൻ പ്രസിഡന്റ് വട്ടപ്പാറ ബി. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു എൽ.ഡി.എഫ് ഗോദയിലേക്കിറങ്ങിയത്. പ്രചാരണ കമ്മിറ്റിയുടെ ജനറൽ കൺവീനറും ബി. ബിജുവായിരുന്നു. മുൻ തിരഞ്ഞെടുപ്പുകളേക്കാൾ വർദ്ധിച്ച പോളിംഗാണു ഇക്കുറിയുണ്ടായത്. 76.54 ശതമാനം. കഴിഞ്ഞ തവണത്തേക്കാൾ 2.5 ശതമാനം വർദ്ധനവ്. ബ്ലോക്കിനു കീഴിലെ അഞ്ച് പഞ്ചായത്തുകളിൽ ആനാട് ഗ്രാമപഞ്ചായത്തിൽ മാത്രമാണ് യു.ഡി.എഫ് മേൽക്കൈ. ഇവിടെ, 69.03 ശതമാനമാണ് പോളിംഗ് നടന്നത്. ഇതേസമയം എൽ.ഡി.എഫ് ഭരിക്കുന്ന അരുവിക്കരയിൽ 76.43, പനവൂരിൽ 75.57, വെമ്പായത്ത് 75.03 എന്നിങ്ങനെയാണ് ശതമാന കണക്ക്. എൽ.ഡി.എഫ് നിയന്ത്രണത്തിലുള്ള കരകുളം 69.02 ശതമാനത്തിലേക്ക് ചുരുങ്ങിയത് മാത്രമാണ് അവരുടെ ആശങ്ക. യു.ഡി.എഫും ബി.ജെ.പിയും ഈ മാറ്റത്തിലാണ് പ്രതീക്ഷ വച്ചിട്ടുളളത്. തോട്ടം, ആദിവാസി മേഖലകൾ ഉൾക്കൊള്ളുന്ന വാമനപുരം ബ്ലോക്കിൽ 71.47 ശതമാനം പോളിംഗാണു രേഖപ്പെടുത്തിയത്. കെ.പി. ചന്ദ്രൻ പ്രസിഡന്റായുള്ള ഭരണസമിതി നടപ്പിലാക്കിയ പ്രാദേശിക വികസന പ്രവർത്തനങ്ങളെ ചൊല്ലിയായിരുന്നു ഏറ്റുമുട്ടൽ. കഴിഞ്ഞ തവണ ഘടക കക്ഷികൾ ഇല്ലാതെ സി.പി.എം ഒറ്റയ്ക്ക് മത്സരിച്ചു ഭരണത്തിലേറിയ നന്ദിയോട് പഞ്ചായത്തിലാണ് കൂടുതൽ പോളിംഗ് നടന്നത്. 73.06 ശതമാനം. പാങ്ങോട് -70,47, പുല്ലമ്പാറ - 72.27, കല്ലറ -69.65, വാമനപുരം- 72.51, മാണിക്കൽ - 72.67, നെല്ലനാട് - 71.04, പെരിങ്ങമ്മല - 69.41 എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളിലെ വോട്ടിംഗ് ശതമാനം. മാലിന്യപ്ലാന്റ് സമരം യു.ഡി.എഫ് ഏറെ പ്രതീക്ഷയോടെ പ്രചാരണ വിഷയാക്കിയ പെരിങ്ങമ്മലയിലാണ് ഏറ്റവും കുറവ്. ഇത് കണക്ക് കൂട്ടലുകൾക്ക് അപ്പുറമാണ്. സംസ്ഥാന സർക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ശ്രദ്ധേയമായ പദ്ധതികൾ നടപ്പിലാക്കിയ പഞ്ചായത്താണ് പെരിങ്ങമ്മല. ഇതിന്റെ ആനുകൂല്യം എൽ.ഡി.എഫ് ഉറപ്പിക്കുമ്പോൾ, മാലിന്യപ്ലാന്റ് സമരത്തിന്റെ ഓർമ്മപുതുക്കൽ അടിയൊഴുക്ക് സൃഷ്ടിക്കുമെന്നാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും കണക്ക് കൂട്ടൽ.