
ഒരുപാട് കഥകൾ പറഞ്ഞ യു.എ. ഖാദർ സങ്കടം ബാക്കി, മറഞ്ഞു. വ്യക്തിപരമായി എനിക്കേറെ സങ്കടമുള്ള ഒരു വിയോഗമാണിത്. 1963 മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ മകൻ തോമസ് മുണ്ടശേരിയാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്.
ശരീരപ്രകൃതിയിലെ ഭിന്നതയും - അദ്ദേഹം പാതി വിദേശിയായിരുന്നല്ലോ - അദ്ദേഹത്തിന്റെ സ്വതസിദ്ധമായ പുഞ്ചിരിയും, സ്നേഹമുള്ള ശബ്ദവും എളിമയും എന്നെ ഏറെ ആകർഷിച്ചു. ഒരാത്മബന്ധമായി അത് വളർന്നു.
അന്നദ്ദേഹം അറിയപ്പെട്ടത് പൈങ്കിളി എന്നറിയപ്പെടുന്ന ധാരാളം വായനക്കാരുള്ള 'ഭാരം' കുറഞ്ഞ കൃതികളുടെ പേരിലായിരുന്നു. കുറച്ചുകൂടി കഴിഞ്ഞാണ് അദ്ദേഹം ആർത്തിയോടുകൂടി താൻ ഏറെ സ്നേഹിച്ച തന്റെ തട്ടകത്തിന്റെ പുരാവൃത്തങ്ങൾ പറയാൻ തുടങ്ങിയത്. അന്ന് തൊട്ടദ്ദേഹം തൃക്കോട്ടൂർ കഥാകാരൻ എന്ന ഖ്യാതിനേടി.
ഒരു ചെറിയ പ്രദേശത്തിന്റെ കഥകളാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നതെങ്കിലും കേരളീയതയുടെ ഭൂതവും വർത്തമാനവും കൂട്ടിയിണക്കുന്ന രസകരങ്ങളായ ആഖ്യാനങ്ങളായിരുന്നു അവ. കോവിലന്റെ തട്ടകം ആണ് ആ ഇനത്തിൽ അത്രയും ആഴത്തിലിറങ്ങിയ മറ്റൊരു കൃതി.
എഴുത്തുകാരുടെ കൂട്ടത്തിൽ എനിക്കദ്ദേഹത്തോടുള്ള വിശേഷമായ ആദരം, ഒരു പ്രത്യേക സംഘത്തിന്റെയും കൂട്ടുപിടിക്കാതെയാണ് അദ്ദേഹം നിലനിന്നതെന്നതിലാണ്. അങ്ങനെ അധികം പേർ നമുക്കില്ലല്ലോ.അദ്ദേഹത്തിൽ തോമസ് ഹാർഡിയെ കണ്ടെത്താൻ പോലും വിമർശകർക്ക് സൗമനസ്യമോ കഴിവോ രണ്ടുമോ ഉണ്ടായില്ല. ഇനിയൊരു വിശേഷമുള്ളത് തന്റെ മതത്തിൽ അദ്ദേഹം ആഴത്തിൽ വിശ്വസിച്ചപ്പോഴും വിഭാഗീയതയിലേക്ക് മുങ്ങിപ്പോവുകയോ അങ്ങനെ പോയാൽ കിട്ടാവുന്ന ഫലങ്ങൾ കാംക്ഷിക്കുകയോ ചെയ്തില്ലെന്നതാണ്.
ഒരു യു.എ.ഖാദറെ ഉണ്ടായിരുന്നുള്ളു. അദ്ദേഹം എഴുതിയത് വേറെ ആർക്കും എഴുതാൻ കഴിയുമായിരുന്നില്ല. ആ സ്രോതസ് നിലച്ചുപോയത് കേരളത്തിന് നഷ്ടമാണ്.അദ്ദേഹത്തിന്റെ സൗഹൃദം നഷ്ടപ്പെട്ടത് എന്നേപ്പോലുള്ളവർക്ക് വലിയ സങ്കടവുമാണ്.