കോവളം: മുൻവൈരാഗ്യത്തെ തുടർന്ന് വീട് ആക്രമിച്ച കേസിൽ പൊലീസ് അറസ്റ്റുചെയ്‌ത് ജാമ്യത്തിൽ വിട്ടയച്ചയാളെ പരാതിക്കാരിയുടെ സഹോദരനും സംഘവും ചേർന്ന് ആക്രമിച്ചു. സംഭവത്തിൽ മൂന്നുപേരെ തിരുവല്ലം പൊലീസ് അറസ്റ്റുചെയ്‌തു. വ്യാഴാഴ്ച വൈകിട്ട് തിരുവല്ലം ജംഗ്ഷന് സമീപമാണ് സംഭവം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തിരുവല്ലം കരിങ്കടമുകൾ സ്വദേശിയായ സജിതയുടെ വീട്ടിൽ കയറി അക്രമം നടത്തിയ കേസിൽ വിഷ്‌ണു എന്ന യുവാവിനെ പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാളെ സജിതയുടെ സഹോദരൻ സജീവ്,​ സുഹൃത്തുക്കളായ അരവിന്ദ്, വൈശാഖ് എന്നിവർ തിരുവല്ലം സ്‌റ്റേഷന് സമീപത്തുവച്ച് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വിഷ്‌ണു ആശുപത്രിയിൽ ചികിത്സ തേടി. ഇയാളുടെ പരാതിയെ തുടർന്ന് തിരുവല്ലം സി.ഐ വി. സജികുമാർ, എസ്.ഐ നിതിൻ നളൻ, എസ്.ഐ മനോഹരൻ, സി.പി.ഒ മനോജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.