
തിരുവനന്തപുരം: സംസ്ഥാന ശമ്പള കമ്മിഷൻ അടുത്ത മാസം ആദ്യം ഇടക്കാല റിപ്പോർട്ട് നൽകും. റിട്ടയർ ചെയ്തവരുടെ പെൻഷൻ ആനുകൂല്യങ്ങളിലെ പരിഷ്കരണവും പരിഗണിക്കും.
ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള വർദ്ധന മാത്രമാകും ഇടക്കാല റിപ്പോർട്ടിൽ ശുപാർശ ചെയ്യുക എന്നാണ് സൂചന. സർക്കാർ ജീവനക്കാർക്കു ലഭ്യമാക്കേണ്ട മറ്റു സൗകര്യങ്ങളും പരിഷ്‌കാരങ്ങളും അടുത്ത റിപ്പോർട്ടിലാകും ഉൾപ്പെടുത്തുക. ഇതിനായി 6 മാസത്തേക്കു കൂടി കാലാവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്മിഷൻ ധനവകുപ്പിനു കത്തു നൽകി.
വിവിധ സംഘടനകളുമായുള്ള ചർച്ച പൂർത്തിയാക്കിയതിനാൽ ഇടക്കാല റിപ്പോർട്ട് ഉടൻ തയാറാകുമെന്നാണ് വിവരം. അതേസമയം സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൂടി പരിഗണിച്ചാവും റിപ്പോർട്ട് തയാറാക്കുക. കുറഞ്ഞ അടിസ്ഥാന ശമ്പളം 25,000 മുതൽ 30,000 രൂപ വരെയാക്കി വർദ്ധിപ്പിക്കണമെന്നാണ് ചർച്ചയിൽ വിവിധ സർവീസ് സംഘടനകൾ ഉന്നയിച്ചത്. നിലവിൽ 2019 ജൂലായ് ഒന്നുമുതലുള്ള ഡി.എ പരിഗണിച്ചാൽ 21120 രൂപയാണ് കുറഞ്ഞ ശമ്പളം.