kappil

വർക്കല: തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തി പങ്കിടുന്ന കാപ്പിൽ റെയിൽവേ സ്റ്റേഷൻ അവഗണനയുടെ നടുവിൽ. പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയായ ഇവിടെ ധാരാളം വിദേശികളും സ്വദേശികളുമായ സഞ്ചാരികൾ എത്താറുണ്ട്. എന്നാൽ അവഗണന മാത്രമാണ് റെയിൽവേയും സംഭാവനയായി നൽകിയിട്ടുള്ളതെന്നാണ് പരാതി. പാസഞ്ചർ ട്രെയിനുകൾക്ക് മാത്രം സ്റ്റോപ്പ് ഉണ്ടായിരുന്ന കാപ്പിൾ സ്റ്റേഷന് മാറിമാറിവരുന്ന കേന്ദ്ര സർക്കാരുകളുടെ അവഗണന ഏറ്റുവാങ്ങാനാണ് വിധി. കൊവിഡാനന്തരം അടച്ചുപൂട്ടിയ റെയിൽവേ സ്റ്റേഷൻ ഇന്ന് വിജനമാണ്. പരിസരം വനമേഖലയായി മാറി. ചുറ്റുവട്ടം ഇഴജന്തുക്കളുടെയും കൂടാതെ കുരങ്ങ്, മുള്ളൻപന്നി, കീരി, എന്നിവയുടെ ആവാസകേന്ദ്രം കൂടിയായി മാറി. ട്രെയിനുകൾ നിറുത്തിയതോടെ കാപ്പിൽ നിവാസികളുടെ ദുരിതവും വർദ്ധിച്ചിട്ടുണ്ട്. സ്റ്റേഷൻ പരിസരം വൃത്തിയാക്കാൻ റെയിൽവേ അധികൃതർ കാട്ടുന്ന അനാസ്ഥയ്ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. ജില്ലയിൽ ഏറ്റവും കൂടുതൽ അവഗണന നേരിടുന്ന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് വടക്കേ അതിർത്തിയിലുള്ള കാപ്പിൽ റെയിൽവേസ്റ്റേഷൻ.

കൊവിഡ് നിയന്ത്രണങ്ങൾക്ക് മുൻപ് 6 പാസഞ്ചർ ട്രെയിനുകൾക്കും മെമുവിനുമാണ് കാപ്പിൽ സ്റ്റോപ്പ് ഉണ്ടായിരുന്നത്. കൂടാതെ 2013-ൽ സ്റ്റേഷൻ അടച്ചിടാനും ശ്രമമുണ്ടായി. തുടർന്ന് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് നടത്തിയ സമരത്തിന്റെ ഫലമായി ഹാൾട്ട് സ്റ്റേഷൻ ആയാണ് നിലനിറുത്തിയത്.